ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ഇനി മുകേഷ് അംബാനി; സമ്പത്തില്‍ വന്‍ കുതിപ്പ്, ആസ്തി 8.52 ലക്ഷം കോടി രൂപയായി

Published : Nov 03, 2026, 04:04 PM IST
Mukesh Ambani

Synopsis

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുണ്ടായ വൻ മുന്നേറ്റത്തോടെ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം വീണ്ടും സ്വന്തമാക്കി. ജൂലൈ- സെപ്റ്റംബർ പാദത്തിലെ മികച്ച ലാഭഫലമാണ് റിലയൻസിന്റെ ഓഹരി മൂല്യം കുതിച്ചുയരാൻ കാരണമായത്. ഫോർബ്സ് പട്ടികയിൽ അംബാനി 22-ാം സ്ഥാനത്തും ഗൗതം അദാനി 26-ാം സ്ഥാനത്തുമാണ്.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം വീണ്ടും സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ബൈറ്റ്ഡാന്‍സ് സഹസ്ഥാപകന്‍ ഷാങ് യിമിങ്ങിനെ മറികടന്നാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 10.5 ശതമാനം വര്‍ധിച്ച് 8.52 ലക്ഷം കോടി രൂപയായി. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 22-ാം സ്ഥാനത്താണ്. 84 ബില്യന്‍ ഡോളര്‍ (ഏകദേശം 8.06 ലക്ഷം കോടി രൂപ) ആസ്തിയുള്ള ഷാങ് യിമിങ് 25-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 80.1 ബില്യന്‍ ഡോളര്‍ (ഏകദേശം 7.69 ലക്ഷം കോടി രൂപ) ആസ്തിയുമായി 26-ാം സ്ഥാനത്തുണ്ട്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലുണ്ടായ വന്‍ മുന്നേറ്റമാണ് അംബാനിയുടെ സമ്പത്ത് ഉയരാന്‍ പ്രധാന കാരണം. തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില ഏകദേശം 12 ശതമാനത്തോളം ഉയര്‍ന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യത്തില്‍ 19 ബില്യന്‍ ഡോളറിലധികം (ഏകദേശം 1.82 ലക്ഷം കോടി രൂപ) വര്‍ധനയുണ്ടായി. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും മികച്ച ലാഭഫലം പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ഓഹരികളിലെ കുതിപ്പ്. വരുമാനം, പ്രവര്‍ത്തന ലാഭം, അറ്റാദായം എന്നിവയെല്ലാം റെക്കോര്‍ഡ് ഉയരത്തിലെത്തി. എണ്ണയില്‍നിന്ന് രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന ഒ2സി വിഭാഗം, ഡിജിറ്റല്‍ സേവനങ്ങള്‍, റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ മികച്ച വളര്‍ച്ചയാണ് നേട്ടത്തിന് കരുത്തായത്.

കമ്പനിയുടെ ആകെ വരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 28 ശതമാനം ഉയര്‍ന്ന് 3.62 ലക്ഷം കോടി രൂപയായി. പ്രവര്‍ത്തന ലാഭം 24 ശതമാനം വര്‍ധിച്ച് 62,409 കോടി രൂപയിലെത്തി. അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 29,550 കോടി രൂപയായി. ഇതും കമ്പനിയുടെ ത്രൈമാസത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. ഫോര്‍ബ്‌സിന്റെ 2026ലെ ലോകത്തെ ഏറ്റവും വലിയ പൊതു ഓഹരി കമ്പനികളുടെ പട്ടികയായ ഗ്ലോബല്‍ 2000ല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 55-ാം സ്ഥാനത്താണ്. 119.7 ബില്യന്‍ ഡോളര്‍ (ഏകദേശം 11.49 ലക്ഷം കോടി രൂപ) വില്‍പന വരുമാനവും 229.6 ബില്യന്‍ ഡോളര്‍ (ഏകദേശം 22.04 ലക്ഷം കോടി രൂപ) ആസ്തിയും 9.1 ബില്യന്‍ ഡോളര്‍ (87,360 കോടി രൂപ) ലാഭവുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

ഉത്സവകാല വില്‍പ്പന കുതിക്കും; തൊഴിലാളികളെ കിട്ടാനില്ല, കൊച്ചിയില്‍ പുതിയ നിയമനങ്ങളില്‍ 22 ശതമാനം വര്‍ധനവ്
എ.ഐ കാരണം വന്‍ കടബാധ്യതയിലേക്ക്; മാഗ്‌നിഫിസന്റ് സെവന്റെ കടം 55.49 ലക്ഷം കോടി രൂപയായി