എ.ഐ കാരണം വന്‍ കടബാധ്യതയിലേക്ക്; മാഗ്‌നിഫിസന്റ് സെവന്റെ കടം 55.49 ലക്ഷം കോടി രൂപയായി

Published : Nov 02, 2026, 02:04 PM IST
Artificial Intelligence

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപം കാരണം അമേരിക്കയിലെ പ്രമുഖ ടെക് കമ്പനികളുടെ കടബാധ്യത കുത്തനെ ഉയരുകയാണ്. എസ്.ബി.ഐ റിസർച്ച് റിപ്പോർട്ട് പ്രകാരം മാഗ്‌നിഫിസന്റ് സെവൻ കമ്പനികളുടെ കടം 55.49 ലക്ഷം കോടി രൂപയായി വർധിച്ചു. പലിശനിരക്കും ബോണ്ട് നേട്ടവും ഉയർന്നാൽ ഈ കമ്പനികളുടെ ഓഹരി മൂല്യത്തിൽ വൻ ഇടിവുണ്ടാകാമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍തോതിലുള്ള വികസനത്തിനായി പണം ചെലവഴിക്കുന്ന അമേരിക്കയിലെ പ്രമുഖ ടെക്‌നോളജി കമ്പനികളുടെ കടബാധ്യത കുത്തനെ ഉയരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഏഴ് ടെക്‌നോളജി കമ്പനികളുടെ ആകെ കടം 55.49 ലക്ഷം കോടി രൂപയായി. 2025-നെ അപേക്ഷിച്ച് ഏകദേശം 45 ശതമാനമാണ് വര്‍ധന. എ.ഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി കമ്പനികള്‍ നടത്തുന്ന വന്‍ നിക്ഷേപം സാമ്പത്തിക രംഗത്ത് പുതിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

ആരാണ് മാഗ്‌നിഫിസന്റ് സെവന്‍?

അമേരിക്കയിലെ പ്രമുഖ ടെക്‌നോളജി കമ്പനികളായ ആല്‍ഫബെറ്റ്, ആമസോണ്‍, ആപ്പിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, എന്‍വിഡിയ, ടെസ്ല എന്നിവയെയാണ് മാഗ്‌നിഫിസന്റ് സെവന്‍ എന്ന് വിശേഷിപ്പിക്കുന്നത്. 2025ല്‍ ഈ ഏഴ് കമ്പനികളുടെയും ആകെ കടം ഏകദേശം 38.30 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2026 പകുതിയോടെ ഇത് 55.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2023ലെ കടബാധ്യതയുടെ ഏകദേശം 1.7 മടങ്ങാണിത്. കമ്പനികളുടെ ബാലന്‍സ് ഷീറ്റില്‍ നേരിട്ട് പ്രതിഫലിക്കാത്ത മറ്റ് സാമ്പത്തിക ബാധ്യതകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.എ.ഐ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനിടെ ഇത്തരം ബാധ്യതകളും വര്‍ധിക്കുന്നുണ്ട്.

പലിശനിരക്ക് ഉയര്‍ന്നാല്‍ ഓഹരികള്‍ക്ക് തിരിച്ചടിയാകുമോ?

വായ്പാ ചെലവുകളും അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ നേട്ടവും ഉയരുന്നത് കമ്പനികളുടെ ഓഹരി മൂല്യത്തെ ബാധിക്കാമെന്നാണ് എസ്.ബി.ഐ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്. ഭാവിയില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ ഇന്നത്തെ മൂല്യം കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഡിസ്‌കൗണ്ട് നിരക്ക് ഉയരുന്നതാണ് ഇതിന് കാരണം. ഇതുവഴി കമ്പനികളുടെ വിപണി മൂല്യത്തില്‍ സമ്മര്‍ദമുണ്ടാകാം. ഇക്വിറ്റി ഡ്യൂറേഷന്‍ എന്ന കണക്കുകൂട്ടല്‍ രീതി ഉപയോഗിച്ച് നടത്തിയ വിലയിരുത്തലില്‍, ബോണ്ട് നേട്ടം ഉയര്‍ന്നാല്‍ ഈ ഏഴ് കമ്പനികളുടെയും വിപണി മൂല്യത്തില്‍ 1.67 ലക്ഷം കോടി ഡോളര്‍ മുതല്‍ 2 ലക്ഷം കോടി ഡോളര്‍ വരെ ഇടിവുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഏകദേശം 160.32 ലക്ഷം കോടി രൂപ മുതല്‍ 192 ലക്ഷം കോടി രൂപ വരെ.ഈ ഏഴ് കമ്പനികളുടെയും സംയുക്ത വിപണി മൂല്യം ഏകദേശം 2,208 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.

എ.ഐ മേഖലയിലെ വന്‍ വികസനത്തിനായി ടെക്‌നോളജി കമ്പനികള്‍ കടമെടുക്കുന്നത് വര്‍ധിക്കുന്നതും അമേരിക്കന്‍ ബോണ്ട് വിപണിയിലെ മാറ്റങ്ങളും ഒരേസമയം സാമ്പത്തിക രംഗത്ത് ശ്രദ്ധേയമാകുകയാണ്. എ.ഐ മേഖലയിലെ നിക്ഷേപങ്ങളുടെ ലാഭക്ഷമതയും ഉയരുന്ന സാമ്പത്തിക ബാധ്യതകളും വരുംകാലത്ത് വിപണിയുടെ പ്രധാന നിരീക്ഷണ വിഷയങ്ങളായിരിക്കുമെന്നാണ് എസ്.ബി.ഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്; ഇന്ന് പവന് കൂടിയത് 360 രൂപ, വെള്ളി വിലയിൽ ഇടിവ്
പെട്രോളിന്റെ വിൻഡ്ഫാൾ ടാക്സ് പൂജ്യമാക്കി കേന്ദ്രം; ഡീസൽ, വിമാന ഇന്ധന കയറ്റുമതി നികുതിയിൽ വർധനവ്