ഹെറോയിന്‍; 3 രാജ്യങ്ങളില്‍ നിന്നുള്ള ഇടപാട് നടത്തില്ലെന്ന് മുന്ദ്രാ തുറമുഖം, കടുത്ത നിലപാടുമായി അദാനി പോർട്സ്

By Web TeamFirst Published Oct 11, 2021, 4:39 PM IST
Highlights

കേസ് എൻഐഎ ഏറ്റെടുത്ത് രണ്ടാം ദിനമാണ് അദാനിയുടെ ഭാഗത്ത് നിന്ന്  പുതിയ നടപടി. ഇന്നലെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 

ദില്ലി: നവംബർ 15 മുതൽ അഫ്‍ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾ അനുവദിക്കില്ലെന്ന് മുന്ദ്രാ തുറമുഖം (Mundra Port) അറിയിച്ചു. നടത്തിപ്പുകാരായ അദാനി പോർട്സാണ് (Adani Ports) വാർത്താക്കുറിപ്പിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് വിലക്ക്. സെപ്തംബർ 12 ന് 3000 കിലോ ഹെറോയിനുമായി മുന്ദ്രാ തുറമുഖത്ത് നിന്ന് കണ്ടെയ്നർ പിടിച്ചെടുത്തിരുന്നു. അഫ്‍ഗാനിൽ നിന്നുള്ള ഈ കണ്ടെയ്നർ ഇറാൻ വഴിയാണ് ഗുജറാത്ത് തുറമുഖത്തെത്തിയത്. ആദ്യം ഡിആർഐ ആണ് കേസന്വേഷിച്ചത്. അഫ്ഗാൻ പൗരൻമാർ അടക്കം എട്ടുപേരുടെ അറസ്റ്റും അന്ന് രേഖപ്പെടുത്തി. കേസ് എൻഐഎ ഏറ്റെടുത്ത് രണ്ടാം ദിനമാണ് അദാനിയുടെ ഭാഗത്ത് നിന്ന്  പുതിയ നടപടി. ഇന്നലെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. 

തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ലഹരി കടത്ത് നടത്തിയതെന്ന സൂചനയാണ് ഡിആർഐ തുടക്കം മുതൽ നൽകിയത്. അഫ്ഗാനിസ്ഥാനിൽ നിരോധനമുണ്ടായിരുന്ന ഹെറോയിൻ ഇത്രയും വലിയ അളവിൽ കയറ്റി അയച്ചത് താലിബാൻ അധികാരമേറ്റതിന് ശേഷമാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ദില്ലിയിലും നോയിഡയിലും നടത്തിയ റെയ്ഡിൽ 30 കിലോയിലേറെ ഹെറോയിൻ കണ്ടെത്തിയിരുന്നു. ദില്ലിയിലെ ഒരു ഗോഡൗണിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചത്. നേരത്തെയും വലിയതോതിൽ ലഹരികടത്ത് നടന്നിട്ടുണ്ടാകാമെന്നാണ് വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡ് നൽകുന്ന ചിത്രം.

click me!