Latest Videos

ജി- 20 ഉച്ചകോടി; നരേന്ദ്ര മോദി റോമിലെത്തി, നാളെ മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ച

By Web TeamFirst Published Oct 29, 2021, 3:17 PM IST
Highlights

സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തിൽ മാത്രമല്ല,അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രധാന്യമുണ്ട്. 

റോം: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) റോമിലെത്തി. നാളെ ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഒരു മണിയോടെ മോദി മാര്‍പ്പാപ്പയുമായി (pope) കൂടിക്കാഴ്ച നടത്തും. നെഹ്റു, ഇന്ദിരാഗാന്ധി, ഐ കെ ഗുജ്റാൾ, എ ബി വാജ് പേയി എന്നിവര്‍ക്ക് ശേഷം വത്തിക്കാനിലെത്തി മാര്‍പ്പാപ്പയെ കാണുന്ന അഞ്ചാമത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സെന്‍റ്പീറ്റേഴ്സ് ബസലിക്കയ്ക്ക് സമീപത്ത് വത്തിക്കാൻ പാലസിലായിരിക്കും കൂടിക്കാഴ്ച നടക്കുക. അരമണിക്കൂര്‍ നീണ്ടു നിൽക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ദേശീയതലത്തിൽ മാത്രമല്ല,അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ പ്രധാന്യമുണ്ട്. 

മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഐക്യത്തിന്‍റെ സന്ദേശം നൽകാൻ കൂടിയാകും മോദി ശ്രമിക്കുക. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹം പ്രതീക്ഷയോടെയാണ് മോദി-മാര്‍പ്പാപ്പ കൂടിക്കാഴ്ചയെ കാണുന്നത്. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് മാര്‍പ്പാപ്പയെ മോദി ഇന്ത്യ സന്ദര്‍ശനത്തിന് ക്ഷണിക്കുമെന്ന സൂചനയുണ്ട്. മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999 ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. എ ബി വാജ്‍പേയിയുടേ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് അന്ന് വലിയ സ്വീകരണമാണ് മാര്‍പ്പാപ്പയ്ക്ക് നൽകിയത്. അടുത്ത വര്‍ഷം ആദ്യം ഫ്രാൻസിസ് മാര്‍പ്പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. നാളെ മുതൽ രണ്ട് ദിവസമായാണ് റോമിൽ ജി.20 ഉച്ചകോടി നടക്കുക. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഗോള സാമ്പത്തിക-വ്യാവസായിക മാന്ദ്യം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചര്‍ച്ചയാകും. 

click me!