
ദില്ലി: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ ഞായറാഴ്ച രാത്രി വൈകി നടന്ന ചർച്ചയിൽ ധാരണയിലെത്തിയതിനെത്തുടർന്നായിരുന്നു സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന (5 ദിവസത്തെ ബാങ്കിങ് ആഴ്ച) യൂണിയനുകളുടെ പ്രധാന ആവശ്യം പരിശോധിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഉയർന്ന തലത്തിലുള്ള സമിതി ഉടനടി രൂപീകരിക്കാൻ നിലവിൽ ധാരണയായിട്ടുണ്ട്.
ഇടപാടുകാർ ഉൾപ്പെടെയുള്ള എല്ലാവരുമായും ചർച്ച നടത്തി എല്ലാവർക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തിദിനം എന്ന ദീർഘകാല ആവശ്യം അംഗീകരിക്കപ്പെട്ടുവെന്ന് ഇതിനർത്ഥമില്ലെങ്കിലും, വിഷയം കൂടുതൽ ചർച്ചകൾക്കായി സമിതിക്ക് മുന്നിലെത്തിയത് പുരോഗതിയാണെന്ന് യൂണിയനുകൾ വ്യക്തമാക്കി.
ഇത് കൂടാതെ സ്കെയിൽ IV ഉം അതിന് മുകളിലുമുള്ള ഉദ്യോഗസ്ഥരുടെ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന്റെ പങ്കാളിത്തത്തോടെ ചർച്ചകൾ പുനരാരംഭിക്കും. 2024 മാർച്ച് 8-ലെ മിനിറ്റ്സിൽ ചൂണ്ടിക്കാണിച്ച മറ്റ് വിഷയങ്ങളും വേഗത്തിൽ പരിഹരിക്കാൻ ഇരുവിഭാഗവും തമ്മിൽ ചർച്ച നടത്തും. പെൻഷൻ പരിഷ്കരണം, ഡിഎ, എൻപിഎസ് മാറ്റങ്ങൾ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളും ഇതിലുൾപ്പെടുന്നു. ഇക്കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ.
പ്രധാന ആവശ്യങ്ങളിൽ അനുകൂലമായ ചർച്ചാ അന്തരീക്ഷം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സമരം താത്കാലികമായി മാറ്റിവെക്കുന്നതെന്ന് ഒമ്പത് ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു സർക്കുലറിലൂടെ അറിയിച്ചു. പണിമുടക്ക് മാറ്റി വെച്ചതോടെ ബാങ്ക് ശാഖകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.