
മുംബൈ: മാഗി ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ പ്രാണികളെ കണ്ടെത്തിയെന്ന വാർത്തയോട് പ്രതികരിച്ച് നെസ്‌ലെ ഇന്ത്യ. തങ്ങൾക്ക് ലഭിച്ച പരാതിയിലെ മാഗി പാക്കറ്റ് യഥാർത്ഥത്തിൽ കമ്പനിയുടേത് തന്നെയാണോ എന്ന് ഉറപ്പുവരുത്താൻ സാധിച്ചിട്ടില്ലെന്നും അതിന്റെ ആധികാരികത പരിശോധിച്ച് വരികയാണെന്നും കമ്പനി വ്യക്തമാക്കി. ഗുണനിലവാരത്തിനും സുരക്ഷിതത്വത്തിനും തങ്ങൾ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്നും നെസ്‌ലെ ഇന്ത്യ അറിയിച്ചു.
പരാതിക്കാരനായ ഉപഭോക്താവുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാമ്പിൾ പരിശോധനയ്ക്കായി കൈമാറാൻ അവർ തയ്യാറായിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. അതിനാൽ പരാതിക്ക് ആധാരമായ ഉൽപ്പന്നം നെസ്‌ലെ നിർമ്മിച്ചതാണോ അതോ വ്യാജമാണോ എന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അവർ വിശദീകരിച്ചു. കഴിഞ്ഞ ദിവസമാണ് മാഗി പാക്കറ്റ് തുറന്നപ്പോൾ ഉള്ളിൽ പ്രാണികളെ കണ്ടതായി കാണിച്ച് ഉപഭോക്താവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും വലിയ തോതിൽ പ്രചരിക്കുകയും ഉപഭോക്താക്കൾക്കിടയിൽ ആശങ്കയ്ക്കും കാരണമായിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് മാഗി ഉൽപ്പാദിപ്പിക്കുന്നതെന്നും, നിർമ്മാണ ഘട്ടത്തിലോ പാക്കിംഗിലോ ഇത്തരത്തിൽ പ്രാണികൾ ഉള്ളിൽപ്പെടാൻ സാധ്യതയില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എങ്കിലും വിഷയം വിശദമായി അന്വേഷിക്കുമെന്നും നെസ്‌ലെ വ്യക്തമാക്കി.