ദില്ലി: ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം എന്നത് ആഡംബര ആഭരണങ്ങളോ അല്ലെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തെടുക്കുന്ന സാമ്പത്തിക ഉപകരണമോ മാത്രമായിരുന്നു. എന്നാൽ ആ ചിന്താഗതിയിൽ വലിയ മാറ്റമാണ് ഇപ്പോൾ സംഭവിക്കുന്നത്. കയ്യിലുള്ള സ്വർണം കൃത്യമായി പ്ലാൻ ചെയ്ത് ആവശ്യങ്ങൾക്കായി വായ്പയാക്കി മാറ്റുന്നവരുടെ എണ്ണം ഇന്ത്യയിൽ കുത്തനെ ഉയരുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനുകൾ (NBFC) വഴി വിതരണം ചെയ്യുന്ന സ്വർണ്ണ വായ്പകളിൽ 2026 ജൂൺ മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തോളമാണ് വളർച്ചയുണ്ടായിട്ടുള്ളത്. മൊത്തത്തിലുള്ള റീട്ടെയിൽ വായ്പാ വളർച്ച 20.3% ആയിരിക്കുമ്പോഴാണ് ഗോൾഡ് ലോണുകളിലെ ഈ മുന്നേറ്റം.
മുൻപൊക്കെ പെട്ടെന്നുണ്ടാകുന്ന മെഡിക്കൽ ചെലവുകൾക്കോ സാമ്പത്തിക പ്രതിസന്ധികൾക്കോ മാത്രമായിരുന്നു ആളുകൾ സ്വർണം പണയം വെച്ചിരുന്നത്. എന്നാൽ ഇന്ന് കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് ആവശ്യങ്ങൾ, മറ്റ് മുൻകൂട്ടി നിശ്ചയിച്ച ചെലവുകൾ എന്നിവയ്ക്കായി ആളുകൾ സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നു. മാത്രമല്ല, ക്രെഡിറ്റ് സ്കോർ കുറവുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേഴ്സണൽ ലോണുകളേക്കാൾ എളുപ്പത്തിൽ ലഭിക്കുന്നത് സ്വന്തം കൈയ്യിലുള്ള സ്വർണം ഈടായി നൽകുന്ന വായ്പകളാണ്. ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ വളരെ വേഗത്തിൽ കുറഞ്ഞ രേഖകൾ മാത്രം നൽകി വായ്പ നേടാനാകും.
വിപണിയിൽ സ്വർണത്തിന് വില വർദ്ധിച്ചതോടെ, അതേ അളവിലുള്ള സ്വർണം നൽകി മുൻപത്തേക്കാൾ ഉയർന്ന തുക വായ്പയായി ലഭിക്കാൻ തുടങ്ങിയതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിച്ചു. വൻകിട നഗരങ്ങളിൽ മാത്രമല്ല, ഗ്രാമീണ മേഖലകളിലും ചെറുകിട നഗരങ്ങളിലും വായ്പാ സ്ഥാപനങ്ങളുടെ സാന്നിധ്യം വർദ്ധിച്ചതോടെ അനാവശ്യ പലിശ ഈടാക്കുന്ന പ്രാദേശിക ബ്ലേഡ് പലിശക്കാരിൽ നിന്ന് മാറി ആളുകൾ ബാങ്കുകളെ ആശ്രയിച്ചു തുടങ്ങിയെന്നതും നല്ല മാറ്റമാണ്.
അതേ സമയം, ഇന്ത്യയിൽ ഗോൾഡ് ലോണുകളോടുള്ള ഈ പുതിയ സമീപനം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണോ എന്ന ചോദ്യമുയർത്തുന്നുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിൽ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള അവബോധം കൂടിയതും ഡിജിറ്റലൈസേഷൻ വർദ്ധിച്ചതിന്റെ ലക്ഷണവുമായാണ് സാമ്പത്തിക വിദഗ്ദർ ഇതിനെ കാണുന്നത്. അനാവശ്യമായി ലോക്കറുകളിൽ പണം സൂക്ഷിക്കുന്നതിനേക്കാൾ, തങ്ങളുടെ കൈവശമുള്ള സ്വർണം സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കുക എന്ന രീതിയിലേക്ക് ഇന്ത്യൻ കുടുംബങ്ങൾ മാറിക്കഴിഞ്ഞു.