വായ്പാത്തുക പലിശയടക്കം തിരിച്ചടച്ചു; ആധാരം ചോദിച്ചപ്പോൾ കാണാനില്ലെന്ന് മറുപടി; എസ്ബിഐക്ക് എട്ടിന്റെ പണി

By Web TeamFirst Published Jan 8, 2020, 10:37 PM IST
Highlights

ഉപഭോക്താവിന്റെ ആധാരം കാണാതെ പോയ സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിരെ വിധി. ബാങ്കിന്റെ ഭാഗത്താണ് വീഴ്ചയെന്ന് ബോധ്യം വന്ന കമ്മിഷൻ അഞ്ച് ലക്ഷം രൂപ ഉപഭോക്താവിന് നൽകാൻ വിധിച്ചു.

ദില്ലി: രാജ്യത്തെ പരമോന്നത ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അപൂർവമായൊരു കേസിൽ വിധി പറഞ്ഞു. ഉപഭോക്താവിന്റെ ആധാരം കാണാതെ പോയ സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിരായിട്ടായിരുന്നു വിധി. ബാങ്കിന്റെ ഭാഗത്താണ് വീഴ്ചയെന്ന് ബോധ്യം വന്ന കമ്മിഷൻ അഞ്ച് ലക്ഷം രൂപയാണ് ഉപഭോക്താവിന് നൽകാൻ ആവശ്യപ്പെട്ടത്.

കൊൽക്കത്ത സ്വദേശി അമിതേഷ് മസുംദാറാണ് പരാതിക്കാരൻ. തന്റെ പേരിലുള്ള ഒരു സ്വത്തിന്റെ ആധാരം ഈടായി വച്ച് 13.5 ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. കൃത്യമായി വായ്പ തിരിച്ചടച്ച അദ്ദേഹം ഇതിന് ശേഷം ആധാരം തിരികെ വേണമെന്ന് പറഞ്ഞപ്പോൾ ഇല്ലെന്ന മറുപടിയാണ് ബാങ്കിൽ നിന്ന് ലഭിച്ചത്.

മസുംദാർ വായ്പ തിരിച്ചടച്ചെന്നും എന്നാൽ അദ്ദേഹം ഈടായി നൽകിയ ആധാരം കണ്ടെത്താനായില്ലെന്നുമാണ് ബാങ്കിന്റെ വിശദീകരണം. ആധാരമില്ലാതെ ഇനി മസുംദാറിന് മറ്റ് ബാങ്കുകളിൽ നിന്ന് വായ്പ കിട്ടില്ലെന്നും ഭൂമിയുടെ യഥാർത്ഥ വില വിറ്റാൽ പോലും കിട്ടില്ലെന്നും കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

കേസിൽ നേരത്തെ വെസ്റ്റ് ബംഗാൾ സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ മസുംദാറിന് അനുകൂലമായി വിധി പറഞ്ഞിരുന്നു. കേസിൽ എസ്ബിഐ അപ്പീൽ പോയി. എന്നാൽ സംസ്ഥാന ഉപഭോക്തൃ കമ്മിഷന്റെ വിധിയെ ശരിവച്ച ദേശീയ കമ്മിഷൻ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും നിയമ നടപടികളുടെ ചെലവിലേക്കായി 30000 രൂപ കൂടി മസുംദാറിന് നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന് പുറമെ മൂന്ന് പ്രധാന പത്രങ്ങളിൽ ആധാരം നഷ്ടപ്പെട്ട കാര്യം സംബന്ധിച്ച് ബാങ്ക് തന്നെ പരസ്യം നൽകണം.

click me!