രത്തന്‍ ടാറ്റയ്ക്ക് തിരിച്ചടി; ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള നിയമ യുദ്ധത്തില്‍ സൈറസ് മിസ്ത്രിക്ക് ജയം

By Web TeamFirst Published Dec 18, 2019, 4:48 PM IST
Highlights

മിസ്ത്രിക്കെതിരായ ടാറ്റ ഗ്രൂപ്പ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റയുടെ നടപടികൾ മോശമായിരുന്നുവെന്നും പുതിയ ചെയർമാനെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും ട്രിബ്യൂണൽ വിധിച്ചു.

മുംബൈ: ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തിൽ സൈറസ് മിസ്ത്രിക്ക് ജയം. മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണലാണ് ഉത്തരവിട്ടത്. മൂന്ന് വർഷം മുമ്പാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്. 

ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്‍റെ രണ്ടംഗ ബെഞ്ചാണ് സൈറസ് മിസ്ത്രിക്ക് അനുകൂലമായ ഉത്തരവിട്ടത്. മിസ്ത്രിക്കെതിരായ ടാറ്റ ഗ്രൂപ്പ് എമിരറ്റസ് ചെയർമാൻ രത്തൻ ടാറ്റയുടെ നടപടികൾ മോശമായിരുന്നുവെന്നും പുതിയ ചെയർമാനെ നിയമിച്ചത് നിയമവിരുദ്ധമായിട്ടാണെന്നും ട്രിബ്യൂണൽ വിധിച്ചു.

ഉത്തരവ് നടപ്പക്കാൻ നാലാഴ്ച്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനിടയ്ക്ക് ഉത്തരവിനിടെ സുപ്രീം കോടതിയെ സമീപിക്കാൻ ടാറ്റയ്ക്ക് അവകാശമുണ്ട്. 2016ലാണ് ടാറ്റ സൺസിന്‍റെ ആറാം ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെ സ്ഥാനത്ത് നിന്ന് നീക്കിയത്. നാനോ കാർ നിർമ്മാണമുൾപ്പെടുയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. 

ഉപ്പ് മുതൽ സോഫ്റ്റ്‍വെയർ വരെ നീളുന്നതാണ് ടാറ്റയുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ താക്കോൽ സ്ഥാനത്തേക്ക് രത്തൻ ടാറ്റയുടെ പിൻഗാമിയായി 2012ലാണ് സൈറസ് മിസ്ത്രി എത്തുന്നത്. ടിസിഎസ്, ജാഗ്വാർ ലാന്റ് റോവർ എന്നീ കമ്പനികളുടെ പ്രവർത്തനത്തിൽ ചെയർമാൻ എന്ന നിലയിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു. 

click me!