
പതിനെട്ട് വയസ്സ് തികയുന്നത് ഒരാളുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. ഉപരിപഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചുമൊക്കെ ഗൗരവമായി ചിന്തിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ മിക്കവരും വിട്ടുപോകുന്ന ഒന്നാണ് സ്വന്തമായൊരു ആരോഗ്യ ഇന്‍ഷുറന്‍സ് . നിലവില്‍ അച്ഛന്റെയോ അമ്മയുടെയോ ഇന്‍ഷുറന്‍സ് പോളിസിയില്‍ താന്‍ സുരക്ഷിതനാണല്ലോ എന്ന ചിന്തയാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍, 18-ാം വയസ്സില്‍ ഒരു വ്യക്തി സ്വന്തമായി ഇന്‍ഷുറന്‍സ് എടുക്കേണ്ടതുണ്ടോ? അതോ ജോലി ലഭിക്കുന്നത് വരെ കാത്തിരിക്കണോ? ഇന്‍ഷുറന്‍സ് വിദഗ്ധര്‍ നല്‍കുന്ന മറുപടി ഇങ്ങനെയാണ്.
ഇപ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പം തുടരാം
18 വയസ്സായ ഉടന്‍ തന്നെ സ്വന്തമായി ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്ന് നിര്‍ബന്ധമില്ല. മിക്ക ഫാമിലി ഇന്‍ഷുറന്‍സ് പോളിസികളിലും മക്കള്‍ക്ക് 25 വയസ്സ് വരെയോ അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തമായി ജോലി ലഭിക്കുന്നത് വരെയോ മാതാപിതാക്കള്‍ക്കൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറുണ്ട്. പഠനകാലത്ത് മാതാപിതാക്കളുടെ പോളിസിയില്‍ തുടരുന്നത് സാമ്പത്തികമായി ലാഭകരവുമാണ്. അതിനാല്‍ ഇപ്പോള്‍ പരിഭ്രമിക്കേണ്ടതില്ല.
മാറ്റം എപ്പോള്‍ വേണം?
പഠനം കഴിഞ്ഞ് സ്വന്തമായി വരുമാനം ലഭിച്ചു തുടങ്ങുന്നതോടെ (20-25 വയസ്സിനിടയില്‍) സ്വന്തമായൊരു വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് മാറുന്നതാണ് ഏറ്റവും ബുദ്ധിപരം. ഇതിലൂടെ ഭാവിയിലേക്കുള്ള ശക്തമായൊരു സാമ്പത്തിക അടിത്തറ പാകാന്‍ സാധിക്കും.
നേരത്തെ ഇന്‍ഷുറന്‍സ് എടുക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍:
കുറഞ്ഞ പ്രീമിയം: ചെറിയ പ്രായത്തില്‍ രോഗസാധ്യത കുറവായതിനാല്‍ വളരെ കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്വന്തമാക്കാം.
രോഗമില്ലാത്ത ഘട്ടം: പ്രായം കൂടുന്തോറും ജീവിതശൈലീ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. 20-കളില്‍ തന്നെ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ തന്നെ മുഴുവന്‍ പരിരക്ഷയും ലഭിക്കാന്‍ എളുപ്പമാണ്.
വെയ്റ്റിംഗ് പീരിയഡ് : ഇന്‍ഷുറന്‍സ് എടുത്ത് കഴിഞ്ഞാല്‍ ചില രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കാന്‍ നിശ്ചിത കാലയളവ് കാത്തിരിക്കേണ്ടതുണ്ട്. ഇതിനെയാണ് 'വെയ്റ്റിംഗ് പീരിയഡ്' എന്ന് വിളിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പോളിസി തുടങ്ങുന്നതിലൂടെ, ശരിക്കുമൊരു ഇന്‍ഷുറന്‍സ് സഹായം ആവശ്യമുള്ള പ്രായമെത്തുമ്പോഴേക്കും കാത്തിരിപ്പ് കാലാവധി പൂര്‍ത്തിയാകുകയും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കാന്‍ അര്‍ഹത നേടുകയും ചെയ്യും.
വെല്‍നസ് ഡിസ്‌കൗണ്ടുകള്‍: പുതിയ കാലത്തെ പോളിസികള്‍ ആരോഗ്യവാനായ ഒരു വ്യക്തിക്ക് പ്രീമിയത്തില്‍ പ്രത്യേക ഇളവുകള്‍ നല്‍കാറുണ്ട്. കൃത്യമായ വ്യായാമം, നടത്തം തുടങ്ങിയവയിലൂടെ ലഭിക്കുന്ന പോയിന്റുകള്‍ ഉപയോഗിച്ച് പ്രീമിയം തുക കുറയ്ക്കാന്‍ സാധിക്കും.