
സിനിമാ- സീരിയല്‍ ആസ്വാദനത്തിന്റെ ആഗോള ശീലങ്ങള്‍ മാറ്റിക്കുറിച്ച നെറ്റ്ഫ്‌ലിക്‌സിന്റെ സഹസ്ഥാപകന്‍ റീഡ് ഹേസ്റ്റിങ്‌സ് കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായും പടിയിറങ്ങുന്നു. 29 വര്‍ഷം മുമ്പ് താന്‍ തന്നെ തുടക്കമിട്ട കമ്പനിയുടെ ഭരണസമിതിയില്‍ നിന്ന് ജൂണില്‍ വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹേസ്റ്റിങ്‌സിന്റെ പടിയിറങ്ങല്‍ വാര്‍ത്ത പുറത്തുവന്നതോടെ നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരി വിലയില്‍ ഏകദേശം 8 ശതമാനത്തിന്റെ ഇടിവുണ്ടായി. വിനോദലോകത്തെ ബിസിനസ് മാതൃകകളെ അപ്പാടെ പൊളിച്ചെഴുതിയ വ്യക്തിയെന്ന നിലയില്‍ ഹേസ്റ്റിങ്‌സിന്റെ വിടവാങ്ങല്‍ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
കമ്പനി നിക്ഷേപകര്‍ക്ക് നല്‍കിയ കത്തിലാണ് ഹേസ്റ്റിങ്‌സിന്റെ തീരുമാനം വ്യക്തമാക്കിയത്. വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ താന്‍ വീണ്ടും മത്സരിക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇനിമുതല്‍ തന്റെ ശ്രദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ മേഖലയിലുമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2016-ല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി അദ്ദേഹം 10 കോടി ഡോളറിന്റെ നിധി രൂപീകരിച്ചിരുന്നു.
വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയെ ഏറ്റെടുക്കാനുള്ള 7200 കോടി ഡോളറിന്റെ ഭീമന്‍ കരാര്‍ നെറ്റ്ഫ്‌ലിക്‌സിന് അടുത്തിടെ നഷ്ടമായിരുന്നു. പാരമൗണ്ട് സ്‌കൈഡാന്‍സ് ആണ് ഈ കരാര്‍ സ്വന്തമാക്കിയത്. എങ്കിലും, കരാര്‍ റദ്ദാക്കിയ ഇനത്തില്‍ ലഭിച്ച 280 കോടി ഡോളര്‍ നഷ്ടപരിഹാരത്തുക നെറ്റ്ഫ്‌ലിക്‌സിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 225 കോടി ഡോളര്‍ (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധന) ആണ് നെറ്റ്ഫ്‌ലിക്‌സിന്റെ വരുമാനം. 2026 ജനുവരിയിലെ കണക്കനുസരിച്ച് 32.5 കോടി വരിക്കാര്‍ നെറ്റ്ഫ്‌ലിക്‌സിനുണ്ട്. 2026-ഓടെ പരസ്യങ്ങളിലൂടെയുള്ള വരുമാനം 300 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ.
ഡിവിഡിയില്‍ നിന്ന് സ്ട്രീമിംഗിലേക്ക്
1997-ല്‍ ഡിവിഡികള്‍ തപാലില്‍ അയച്ചുനല്‍കുന്ന സര്‍വീസായാണ് ഹേസ്റ്റിങ്‌സ് നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയത്. പിന്നീട് ഇന്റര്‍നെറ്റ് വിപ്ലവത്തിനൊപ്പം കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാക്കി അദ്ദേഹം മാറ്റി. 2023-ല്‍ സി.ഇ.ഒ സ്ഥാനത്തുനിന്ന് മാറിയ അദ്ദേഹം എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു. നിലവില്‍ ടെഡ് സാരന്‍ഡോസ്, ഗ്രെഗ് പീറ്റേഴ്‌സ് എന്നിവരാണ് കമ്പനിയെ നയിക്കുന്നത്.