പണപ്പെരുപ്പം പിടിച്ചുനിർത്തും, പുതിയ വിലസൂചിക വിലക്കയറ്റം 4 ശതമാനത്തിൽ താഴെ നിർത്തുമെന്ന് ബാങ്ക് ഓഫ് ബറോഡ

Published : Feb 13, 2026, 05:18 PM IST
pakistan inflation

Synopsis

ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, 2026 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരുന്നു. ബാങ്ക് കണക്കുകൂട്ടിയിരുന്ന 2.9 ശതമാനത്തോട് വളരെ അടുത്താണിത്.

ദില്ലി: പുതിയ ഉപഭോക്തൃ വില സൂചിക വരുന്നതോടെ രാജ്യത്തെ പണപ്പെരുപ്പം 4 ശതമാനമെന്ന ലക്ഷ്യത്തിന് താഴെ നിൽക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ. സാധനങ്ങളുടെ വിലനിലവാരം കണക്കാക്കുന്ന രീതിയിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇതിന് സഹായിക്കുകയെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാരുടെ ഉപഭോഗ രീതികളിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ട് പുതിയ സൂചിക കൂടുതൽ പ്രായോഗികമാണെന്ന് റിപ്പോർട്ട് പറയുന്നു. ഡാറ്റാ ശേഖരണത്തിലും രീതിശാസ്ത്രത്തിലുമുള്ള മാറ്റങ്ങൾ പണപ്പെരുപ്പത്തിന്റെ യഥാർത്ഥ ചിത്രം നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബാങ്കിന്റെ വിലയിരുത്തൽ അനുസരിച്ച്, 2026 ജനുവരിയിലെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായിരുന്നു. ബാങ്ക് കണക്കുകൂട്ടിയിരുന്ന 2.9 ശതമാനത്തോട് വളരെ അടുത്താണിത്. പണപ്പെരുപ്പത്തിന്റെ മിക്ക ഉപഘടകങ്ങളിലും കാര്യമായ വർധന ഉണ്ടായിട്ടില്ല. എന്നാൽ, സ്വർണവിലയിലെ ചാഞ്ചാട്ടം കാരണം പേഴ്സണൽ കെയർ, സാമൂഹിക സംരക്ഷണം തുടങ്ങിയ മേഖലകളിൽ വിലക്കയറ്റം തുടർന്നു.

പുതിയ സൂചികയിൽ സ്വർണത്തിനും മറ്റ് ആഭരണങ്ങൾക്കും നൽകുന്ന പ്രാധാന്യം കുറച്ചിട്ടുണ്ട്. അതുപോലെ, നമ്മുടെ അടുക്കളയിലെ പ്രധാനികളായ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും പഴയത്ര പ്രാധാന്യം പുതിയ കണക്കിൽ ഇല്ല. 2011-12ലെ സി.പി.ഐ. സൂചികയിലുണ്ടായിരുന്ന ചില പോരായ്മകൾ പരിഹരിക്കാൻ ഈ മാറ്റം സഹായിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഉപഭോഗ ചെലവ് സർവേയുമായി ചേർന്നുപോകുന്നതും കൂടുതൽ ഇനങ്ങളെ ഉൾക്കൊള്ളുന്നതുമാണ് പുതിയ സൂചിക. 2026 ഫെബ്രുവരിയിലെ ആദ്യ 11 ദിവസങ്ങളിൽ ബാങ്കിന്റെ സ്വന്തം സൂചികയായ BoB ECI, മുൻ വർഷത്തെ അപേക്ഷിച്ച് -0.4 ശതമാനത്തിലാണ്.

കടലയെണ്ണ, സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ തുടങ്ങിയ ഭക്ഷ്യ എണ്ണകളും തുവര, ഉഴുന്ന് തുടങ്ങിയ പയറുവർഗങ്ങളും ഒഴികെ മറ്റ് ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതിൽ നിയന്ത്രണത്തിലാണ്. അതിനാൽ പെട്ടെന്നൊരു വിലക്കയറ്റത്തിന് സാധ്യതയില്ല. എന്നിരുന്നാലും, സ്വർണം പോലുള്ള വിലയേറിയ ലോഹങ്ങളുടെ വില കൂടാൻ സാധ്യതയുള്ളതിനാൽ അടിസ്ഥാന പണപ്പെരുപ്പത്തിന്റെ ഗതി സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എങ്കിലും, പുതിയ സൂചികയിലെ മാറ്റങ്ങൾ കാരണം പണപ്പെരുപ്പം ലക്ഷ്യമിട്ട 4 ശതമാനത്തിനുള്ളിൽ തന്നെ തുടരുമെന്നാണ് ബാങ്ക് ഓഫ് ബറോഡയുടെ പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

നേട്ടം യുപിക്കും മഹാരാഷ്ട്രയ്ക്കും മാത്രം, പണപ്പെരുപ്പം കണക്കാക്കുന്ന പുതിയ രീതിയിൽ പാളിച്ചയെന്ന് എസ്ബിഐ
അമേരിക്കയിലേക്കുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും; കർഷകർക്ക് നേട്ടമെന്ന് എസ്ബിഐ