
ദില്ലി: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് എസ്ബിഐ റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള 75 ശതമാനം കാർഷിക കയറ്റുമതിക്കും അമേരിക്ക ഇനി തീരുവ ഈടാക്കില്ല. ഇതാണ് വലിയ മാറ്റത്തിന് വഴിവെക്കുന്നത്. നിലവിൽ അമേരിക്കയുമായുള്ള കാർഷിക വ്യാപാരത്തിൽ ഇന്ത്യക്ക് 1.3 ബില്യൺ ഡോളറിൻ്റെ വ്യാപാര മിച്ചമുണ്ട്. പുതിയ തീരുമാനത്തോടെ, 1.36 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് തീരുവ പൂർണമായും ഒഴിവാകും. ഇത് ഇന്ത്യൻ കർഷകർക്കും കയറ്റുമതിക്കാർക്കും ഉത്പാദനം വർധിപ്പിക്കാനും കൂടുതൽ കയറ്റുമതി നടത്താനും വലിയ സഹായമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
തീരുവ കുറയുന്നത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കും. കൂടുതൽ വിപണി കണ്ടെത്താൻ സാധിക്കുന്നതിലൂടെ കർഷകർക്കും കയറ്റുമതിക്കാർക്കും ഉത്പാദനം കൂട്ടാനാകും. ഇത് അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര മിച്ചം കൂടുതൽ ശക്തമാക്കും. അമേരിക്ക ഇറക്കുമതി ചെയ്യുന്ന അരിയുടെ ഏകദേശം 24 ശതമാനവും ഇന്ത്യയിൽ നിന്നാണ്. പുതിയ തീരുമാനം ഇന്ത്യൻ കർഷകർക്ക് വലിയ പിന്തുണ നൽകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അരി, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണക്കുരുക്കൾ, ചായ, കാപ്പി തുടങ്ങിയവയാണ് പുതിയ തീരുമാനത്തിൻ്റെ ഗുണം ലഭിക്കുന്ന പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് നിലവിൽ 3 ശതമാനം വിപണി വിഹിതമാണുള്ളത്. പുതിയ തീരുവ ഘടന തോട്ടം മേഖലയ്ക്ക് വലിയ ഉണർവേകുമെന്നാണ് പ്രതീക്ഷ.