
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ പുതിയ 'തൊഴില്‍ തന്ത്രം' ഞെട്ടിക്കുന്നതാണ്. സ്ഥിരനിയമനമില്ല, 'കമിറ്റ്മെന്റ്' തീരെയില്ല. പിരിച്ചുവിടുന്നതോ ആയിരങ്ങളെയും. പരിചയസമ്പന്നരെ ഒഴിവാക്കി തുടക്കക്കാരെ നിയമിക്കുന്നത് കേവലമൊരു തൊഴില്‍ മാറ്റമായി കാണാന്‍ വരട്ടെ; ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് പടര്‍ന്നുപിടിക്കുകയാണ് തൊഴിലിടങ്ങളിലെ 'സിറ്റുവേഷന്‍ഷിപ്പ്' . പുത്തന്‍ തലമുറയുടെ പ്രണയരീതിയായ 'സിറ്റുവേഷന്‍ഷിപ്പ്' കോര്‍പ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ എച്ച്.ആര്‍ നയമായി മാറ്റിയിരിക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം?
യുവതലമുറയ്ക്കിടയില്‍ പ്രചാരത്തിലുള്ള, വലിയ ബാധ്യതകളോ 'കമിറ്റ്മെന്റോ' ഇല്ലാത്ത പ്രണയബന്ധങ്ങളെയാണ് 'സിറ്റുവേഷന്‍ഷിപ്പ്' എന്ന് വിളിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാം, ചോദ്യങ്ങളില്ല, ഉത്തരങ്ങളില്ല. കൃത്യം ഇതേ മാതൃകയാണ് ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ പിന്തുടരുന്നത്. 'സ്ഥിരനിയമനം' എന്ന രീതി കമ്പനികള്‍ ഉപേക്ഷിക്കുന്നു. പകരം കണ്‍സള്‍ട്ടന്‍സികളെയും കരാര്‍ ജീവനക്കാരെയും നിയമിക്കുന്നു. പിരിച്ചുവിടാന്‍ എളുപ്പം, ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല. വൈകാരികമായ അടുപ്പമോ ഉത്തരവാദിത്തമോ തൊഴിലുടമയ്ക്ക് ജീവനക്കാരോട് ഉണ്ടാകില്ല. 'ഓര്‍ഗനൈസേഷണല്‍ റീസ്ട്രക്ചറിങ്' (സംഘടനാപരമായ പുനഃക്രമീകരണം) എന്ന ഓമനപ്പേരിട്ടാണ് വന്‍കിട കമ്പനികള്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ലക്ഷ്യം ചെലവുചുരുക്കലാണ്. ചാറ്റ്ജിപിടി പോലുള്ള ടൂളുകള്‍ ഉപയോഗിച്ച്, കുറഞ്ഞ ശമ്പളത്തിന് പുതിയ ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിക്കാമെന്ന ആത്മവിശ്വാസം കമ്പനികള്‍ക്കുണ്ട്. ഗുണനിലവാരം കുറഞ്ഞാലും ലാഭം കൂടണം എന്നതു മാത്രമാണ് ചിന്തയെന്ന് പലരും പറയുന്നു.
തൊഴില്‍ മേഖലയിലെ കണക്കുകള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്:
സ്റ്റാര്‍ട്ടപ്പുകള്‍: 2025-ല്‍ മാത്രം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് പിരിച്ചുവിട്ടത് 5,650-ലധികം പേരെയാണ്.
ടെക് ലോകം: ഈ വര്‍ഷം 90 ടെക് കമ്പനികളിലായി 24,400 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആമസോണ്‍ പോലുള്ള ഭീമന്‍മാര്‍ ലാഭം കൂട്ടാന്‍ ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നു.
മാധ്യമരംഗം: 2025-ല്‍ ഇന്ത്യയില്‍ 400-ലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് (പ്രിന്റ്, ടിവി, ഡിജിറ്റല്‍) ജോലി നഷ്ടമായി.
35 കഴിഞ്ഞോ? എങ്കില്‍ സൂക്ഷിക്കുക!
ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ പ്രായം ഒരു ശാപമായി മാറുകയാണ് .ഇന്ത്യയില്‍ ജോലി ചെയ്യുന്ന, 35-നും 50-നും ഇടയില്‍ പ്രായമുള്ള ആളാണെങ്കില്‍ നിങ്ങളുടെ ജോലി ഭീഷണിയിലാണ് എന്ന് ഡിജിറ്റല്‍ എഡിറ്ററായ അജയ് സിംഗാള്‍ മുന്നറിയിപ്പ് നല്‍കുന്നു.. 40 കഴിഞ്ഞവര്‍ പുതിയ കഴിവുകള്‍ പഠിക്കുകയോ ഫ്രീലാന്‍സ് ജോലികള്‍ കണ്ടെത്തുകയോ ചെയ്യണമെന്നാണ് ഉപദേശം. എന്നാല്‍, മാസശമ്പളം കൊണ്ട് മാത്രം ജീവിക്കുന്ന 90% ഇന്ത്യക്കാര്‍ക്കും ഇത് പ്രായോഗികമല്ല എന്നതാണ് സത്യം.
പാശ്ചാത്യ രാജ്യങ്ങളെപ്പോലെ ജോലി പോയാല്‍ സഹായിക്കാന്‍ ഒരു 'സോഷ്യല്‍ സെക്യൂരിറ്റി' സംവിധാനം ഇന്ത്യയിലില്ല. പിരിച്ചുവിടപ്പെടുന്നവര്‍ക്ക് കുടുംബമുണ്ട്, വായ്പകളുണ്ട്, സ്വപ്നങ്ങളുണ്ട്. എഐയും പുതിയ തൊഴില്‍ സംസ്‌കാരവും കടന്നുവരുമ്പോള്‍, പിരിച്ചുവിടപ്പെടുന്നവര്‍ക്ക് സുരക്ഷിതമായ ഒരു സാമ്പത്തിക വലയം ഒരുക്കാന്‍ സര്‍ക്കാരും തൊഴില്‍ ലോകവും തയ്യാറാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.