
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ വൈന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കരാര്‍ പ്രകാരം ഇന്ത്യന്‍ നിര്‍മ്മിത വൈനുകള്‍ക്ക് ന്യൂസിലന്‍ഡ് വിപണിയില്‍ ഇനി നികുതിയില്ലാതെ പ്രവേശിക്കാം. സമാനമായി, ന്യൂസിലന്‍ഡില്‍ നിന്നുള്ള വൈനുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ വലിയ ഇളവുകള്‍ നല്‍കാനും ധാരണയായി.
കരാറിലെ സുപ്രധാന തീരുമാനം ഇന്ത്യന്‍ വൈന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമാകും. ന്യൂസിലന്‍ഡിലേക്ക് വൈന്‍ അയക്കുമ്പോള്‍ നിലവിലുള്ള നികുതികള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടും. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് കുറഞ്ഞ വിലയില്‍ മത്സരിക്കാന്‍ സാധിക്കും.
ന്യൂസിലന്‍ഡില്‍ നിന്നുള്ള വൈനുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത് നിലവില്‍ ഉയര്‍ന്ന നികുതി നിരക്കിലാണ്. പുതിയ കരാര്‍ പ്രകാരം ഈ നികുതി ഘട്ടംഘട്ടമായി കുറയ്ക്കാന്‍ തീരുമാനിച്ചു. അടുത്ത പത്ത് വര്‍ഷം കൊണ്ട് നികുതി നിരക്കുകളില്‍ വലിയ കുറവ് വരുത്തി ന്യൂസിലന്‍ഡ് വൈനുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കയറ്റുമതി വര്‍ദ്ധിക്കും
നിലവില്‍ ഇന്ത്യയിലെ ഉയര്‍ന്ന നികുതി കാരണം ന്യൂസിലന്‍ഡില്‍ നിന്നുള്ള വൈന്‍ കയറ്റുമതി വളരെ കുറവാണ്. 2025-ലെ കണക്കനുസരിച്ച് ഏകദേശം 3 ലക്ഷം ന്യൂസിലന്‍ഡ് ഡോളറിന് താഴെ മാത്രമായിരുന്നു കയറ്റുമതി മൂല്യം. എന്നാല്‍ പുതിയ കരാറിലൂടെ വിപണിയിലെ തടസ്സങ്ങള്‍ നീങ്ങുന്നതോടെ വരും വര്‍ഷങ്ങളില്‍ കയറ്റുമതി വലിയ തോതില്‍ വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.
കരാറിലെ പ്രധാന കാര്യങ്ങള്‍
ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള പിന്തുണ ഈ കരാറിന് ലഭിക്കുന്നത് കയറ്റുമതിക്കാര്‍ക്ക് വലിയ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയിലെ വൈന്‍ വിപണിയില്‍ ന്യൂസിലന്‍ഡ് ഉല്‍പ്പന്നങ്ങളുടെ സജീവ സാന്നിധ്യം ഇതോടെ ഉറപ്പായിരിക്കുകയാണ്.