മൈതാനത്തിന് പുറത്തെ 'ബ്രാന്റ്' നെയ്മര്‍; ഹെലികോപ്റ്ററും ആഡംബര കാറുകളും, കോടികളുടെ ആസ്തി!

Published : Jun 13, 2026, 04:29 PM IST
Neymar

Synopsis

ബ്രസീൽ സൂപ്പർതാരം നെയ്മറുടെ ആകെ ആസ്തി 3,700 കോടി രൂപയിലധികമാണ്. പിഎസ്ജിയിലെ റെക്കോർഡ് പ്രതിഫലത്തിനും പുറമെ, പ്യൂമ, റെഡ് ബുൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുമായുള്ള കരാറുകളിൽ നിന്നും താരം വലിയ വരുമാനം നേടുന്നു. പ്രൈവറ്റ് ജെറ്റുകളും ലംബോർഗിനി പോലുള്ള ആഡംബര കാറുകളും അടങ്ങുന്നതാണ് താരത്തിന്റെ ജീവിതശൈലി.

കളിക്കളത്തിൽ മാത്രമല്ല മാർക്കറ്റ് വാല്യൂവിലും മുന്നിൽ തന്നെയാണ് ബ്രസീൽ സൂപ്പർതാരം നെയ്മർ. കളിക്കളത്തിന് പുറത്ത് ഫാഷൻ ഐക്കണായും സെൻസേഷണൽ ഹെയർ സ്റ്റൈലുകളാലും പലപ്പോഴും നെയ്മർ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. സെലിബ്രിറ്റി നെറ്റ് വർത്തിന്റെ (Celebrity Net Worth) കണക്കുകൾ പ്രകാരം 2026-ൽ നെയ്മറുടെ ആകെ ആസ്തി ഏകദേശം 450 ദശലക്ഷം ഡോളറാണ് (ഏകദേശം 3,700-ലധികം കോടി രൂപ). സാന്റോസ് ക്ലബ്ബിൽ നിന്നും ലോകകപ്പ് മത്സരങ്ങളിൽ നിന്നുമുള്ള വരുമാനങ്ങളൊന്നും കൂട്ടാതെയുള്ള കണക്കാണിത്.

2017 ൽ ബാഴ്സലോണയിൽ നിന്നും റെക്കോർഡ് തുകയ്ക്ക് പാരീസ് സെന്റ് ജർമനിൽ (PSG) എത്തിയതോടെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി നെയ്മർ മാറിയത്. പിഎസ്ജിയിൽ പ്രതിവർഷം 36.8 ദശലക്ഷം യൂറോയായിരുന്നു താരത്തിന്റെ പ്രതിഫലം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവർക്ക് തൊട്ടുപിന്നിലായി ശമ്പളത്തിലും പരസ്യവരുമാനത്തിലും വലിയ കുതിപ്പാണ് താരം നടത്തിയത്.

പരസ്യവരുമാനവും ബ്രാൻഡ് മൂല്യവും

ലോക ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ പരസ്യ വരുമാനമുള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ. വിവിധ മേഖലകളിലായി മുപ്പതോളം പ്രമുഖ ബ്രാൻഡുകളുമായി താരത്തിന് കരാറുണ്ട്. പ്യൂമ (Puma), റെഡ് ബുൾ (Red Bull), ബീറ്റ്സ് ബൈ ഡ്രെ (Beats by Dre), ഗില്ലറ്റ് (Gillette), ഖത്തർ എയർവേയ്‌സ് (Qatar Airways) തുടങ്ങിയ ആഗോള ബ്രാൻഡുകളുമായി താരം സഹകരിക്കുന്നു. സോഷ്യൽ മീഡിയയിലെ കോടിക്കണക്കിന് ഫോളോവേഴ്സ് വഴി ബ്രാൻഡുകൾക്ക് വലിയ വിപണി ഉറപ്പാക്കാൻ നെയ്മർക്ക് സാധിക്കുന്നുണ്ട്.

ആഡംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളും

തന്റെ ആഡംബര ജീവിതശൈലിക്ക് അനുയോജ്യമായ വലിയൊരു വാഹനശേഖരം തന്നെ നെയ്മർക്കുണ്ട്. 4 ദശലക്ഷം ഡോളർ, 5 ദശലക്ഷം ഡോളർ വിലമതിക്കുന്ന രണ്ട് പ്രൈവറ്റ് ജെറ്റുകളും 2013-ൽ 4 ദശലക്ഷം ഡോളറിന് വാങ്ങിയ ഒരു ആഡംബര ഹെലികോപ്റ്ററും നെയ്മർക്കുണ്ട്. ലംബോർഗിനി വെനാനോ (Lamborghini Veneno), ലൈകാൻ ഹൈപ്പർസ്പോർട്ട് (Lykan Hypersport), ആസ്റ്റൺ മാർട്ടിൻ വൾക്കാൻ (Aston Martin Vulcan), കോനിഗ്സെഗ് (Koenigsegg CCXR Trevita), ഫെരാരി 458 ഇറ്റാലിയ, മെഴ്സിഡസ് എഎംജി, ഔഡി ആർ8 സ്പൈഡർ തുടങ്ങിയ ലോകോത്തര ആഡംബര കാറുകൾ നെയ്മറുടെ ഗാരേജിലുണ്ട്.

കരിയറിൽ 400-ലധികം ഗോളുകൾ നേടിയിട്ടുള്ള നെയ്മർ ബാഴ്സലോണ, പിഎസ്ജി തുടങ്ങിയ ലോകോത്തര ക്ലബ്ബുകൾക്കായി കളിച്ച് നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്. കളിക്കളത്തിലെ മികവിനൊപ്പം ആഡംബര പൂർണമായ ജീവിതശൈലിയും വലിയ ബ്രാൻഡ് കരാറുകളും താരത്തിന്റെ ആഗോള ജനപ്രീതി വർദ്ധിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിൽ ആഡംബര ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ഇന്ത്യൻ ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ, മാസ വാടക 18.5 ലക്ഷം രൂപ!
ലോകം കാല്‍പന്തിന് പുറകെ, 104 മത്സരങ്ങൾ; ചാകര കാത്തിരിക്കുന്നത് ലോകത്തെ പ്രമുഖ മദ്യക്കമ്പനികൾ