
ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ പുതിയ നായകനും മലയാളി വേരുകളുള്ള സൂപ്പർ താരവുമായ ശ്രേയസ് അയ്യർ മുംബൈയിലെ വർളിയിൽ വാടകയ്‌ക്കെടുത്ത ആഡംബര അപ്പാർട്ട്മെന്റ് ചർച്ചകളിൽ നിറയുകയാണ്. പ്രതിമാസം 18.50 ലക്ഷം രൂപ മുതലാണ് ഈ ഫ്ലാറ്റിന്റെ വാടക തുകയായി മാത്രം വരുന്നത്. മുംബൈയിലെ സമ്പന്നരായ ആളുകൾ മാത്രം താമസിക്കുന്ന, പ്രീമിയം റേഞ്ച് ഏരിയ ആണ് വർളി. പ്രമുഖ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ 'സ്ക്വയർ യാർഡ്സ്' ആണ് മഹാരാഷ്ട്ര ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ (IGR) വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
അത്യാഡംബര ടവറായ 'ആർട്ടിസിയ'യിലാണ് (Artesia) ശ്രേയസിന്റെ പുതിയ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 3,875 ചതുരശ്ര അടി ആണ് അപാർട്ട്മെന്റിന്റെ വലിപ്പം. മൂന്ന് വർഷത്തേക്കാണ് (36 മാസം) കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിനായി 74 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയും 1.84 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും ശ്രേയസ് നൽകിക്കഴിഞ്ഞു. നാല് കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൌകര്യമാണ് ഈ ഫ്ലാറ്റിനൊപ്പമുള്ളത്.
വർഷം തോറും ഈ ഫ്ലാറ്റിന്റെ വാടകയും കൂടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കരാർ പ്രകാരം ഓരോ വർഷവും വാടകയിൽ 7 ശതമാനം വർദ്ധനവുണ്ടാകും. ഒന്നാം വർഷം പ്രതിമാസം 18.50 ലക്ഷം രൂപയാണെങ്കിൽ, രണ്ടാം വർഷം ഇത് 19.79 ലക്ഷം രൂപയാകും. മൂന്നാം വർഷം മാസം 21.18 ലക്ഷം രൂപ വാടകയിനത്തിൽ മാത്രം നൽകണം. ആ ഒരൊറ്റ വർഷത്തെ താമസത്തിന് മാത്രം ചെലവാകുക 2 കോടി 54 ലക്ഷം രൂപയാണ്. ഇതനുസരിച്ച് മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ വാടക ഇനത്തിൽ മാത്രം ശ്രേയസ് അയ്യർ നൽകേണ്ടി വരുന്നത് 7.14 കോടി രൂപ!
കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ശ്രേയസ് അയ്യരുടെ ക്രിക്കറ്റ് ജീവിതം വലിയ അട്ടിമറികൾക്കും പ്രതിസന്ധികൾക്കുമാണ് സാക്ഷ്യം വഹിച്ചത്. സൂര്യകുമാർ യാദവിൽ നിന്നും ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനം ശ്രേയസ് ഏറ്റെടുക്കുമ്പോൾ അതൊരു അസാധാരണ തിരിച്ചുവരവിന്റെ കഥ കൂടിയാവുകയാണ്. ടി20 യിലടക്കം പങ്കെടുക്കാതെ 30 മാസത്തോളം ടീമിന് പുറത്തിരുന്ന ശേഷം ക്യാപ്റ്റനായി തിരിച്ചെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചീഫ് സെലക്ടർ അജിത് അഗാർക്കറെയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെയും ആകർഷിക്കാൻ ശ്രേയസിന് സാധിച്ചത് കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രമാണ്.
ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ മുംബൈയ്ക്ക് വേണ്ടി കളിക്കാതിരുന്നതിനെ തുടർന്ന് 2024 ഫെബ്രുവരിയിൽ ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും ബിസിസിഐയുടെ സെൻട്രൽ കരാർ നഷ്ടമായിരുന്നു. ആ കരിയർ ബ്രേക്കിൽ നിന്നും പിന്നീട് ഒരു വർഷത്തോളം കഠിന പ്രയത്നം നടത്തിയാണ് താരം കരാർ തിരിച്ചുപിടിച്ചത്.
ഇതിനിടയിൽ 2024, 2026 വർഷങ്ങളിലെ ടി20 ലോകകപ്പ് ടീമുകളിൽ നിന്നും 2025 ലെ ഏഷ്യാ കപ്പ് ടീമിൽ നിന്നും ശ്രേയസ് തഴയപ്പെട്ടു. പരിക്കുകൾ കാരണം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിശ്രമം എടുക്കേണ്ടിയും വന്നു. എന്നാൽ ഇത്തരം വലിയ തിരിച്ചടികളിൽ വീണുപോകാതെ, സോഷ്യൽ മീഡിയയിലൂടെ നിരാശ പ്രകടിപ്പിക്കാതെ തന്റെ ബാറ്റിംഗിലും ഫിറ്റ്നസിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ശ്രേയസ് അയ്യർ ഒടുവിൽ ഇന്ത്യൻ നായക പദവിയിലേക്ക് കളം നിറഞ്ഞ് തിരിച്ചെത്തിയത്. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും പഞ്ചാബ് കിംഗ്സിനും വേണ്ടി തുടർച്ചയായി കാഴ്ചവെച്ച ഗംഭീര ബാറ്റിംഗും നായക മികവുമാണ് ശ്രേയസ്സിനെ ക്യാപ്റ്റൻ സ്ഥാനത്തോടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിച്ചത്.