
ഷിംല: വൻതുക ചെലവിട്ട് വാങ്ങിയ ബ്രാന്‍ഡഡ് ഷൂവിന്റെ സോൾ കീറിപ്പോയത് വാറന്റി കാലത്ത്. യുവാവിന് നഷ്ടപരിഹാരം നൽകാന്‍ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍. പതിനായിരത്തിലേറെ രൂപ ചെലവിട്ട് വാങ്ങിയ പ്രമുഖ ബ്രാന്‍ഡ് ഷൂ മൂന്ന് മാസത്തിനുള്ളിലാണ് കീറിയത്. മൂന്ന് മാസത്തിനുള്ളിൽ തകരാറ് സംഭവിച്ചാൽ മാറ്റി നൽകുമെന്നായിരുന്നു ഷോ റൂം ജീവനക്കാർ ഷൂ വാങ്ങുന്ന സമയത്ത് ഉറപ്പ് നൽകിയത്. വാറന്റി കാലഘട്ടത്തിലായതിനാൽ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട യുവാവിനെ അവഗണിച്ച പ്രമുഖ സ്പോട്സ് ഷൂ നിർമ്മാതാക്കളായ നൈക്കിക്കെതിരെയാണ് കോടതി തീരുമാനം.
ഷിംലയിലാണ് സംഭവം. 17595 രൂപയ്ക്കാണ് നേര് റാം ശ്യാം എന്ന യുവാവ് നൈക്കിയുടെ ഷോറൂമില്‍ നിന്നാണ് ഷൂ വാങ്ങിയത്. 2021 സെപ്തംബർ 17നായിരുന്നു ഇത്. വാങ്ങി മൂന്ന് മാസത്തിനുള്ളിൽ ഷൂസ് കീറിപ്പോയി. ഇതിന് പിന്നാലെയാണ് യുവാവ് പരിഹാരം ആവശ്യപ്പെട്ട് ഷോ റൂമിലെത്തിയത്. എന്നാൽ ഷൂ വാങ്ങിയതിന്റെ ബില്ല് യുവാവിന്റെ കൈവശമില്ലെന്ന് വിശദമാക്കി ഷോ റൂം ജീവനക്കാർ യുവാവിനെ മടക്കി അയക്കുകയായിരുന്നു. ഇതോടെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാതി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
തകരാറ് ശ്രദ്ധയിൽപ്പെട്ട ശേഷവും ഷൂ മാറി നൽകാനോ യുവാവിനെ പണം തിരികെ നൽകാനോ കമ്പനി തയ്യാറായില്ലെന്ന് കോടതി നിരീക്ഷിച്ച കോടതി. ഷൂവിന്റെ പണം മടക്കി നല്‍കാനും യുവാവിനുണ്ടായ മാനസിക വൃഥയ്ക്കും കോടതി ചെലവിനുമായി പതിനായിരം രൂപ നൽകാനുമാണ് നൈക്കിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഷിംല ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയുടേതാണ് തീരുമാനം. ഷോറൂം ജീവനക്കാരുടേത് ശരിയായ പെരുമാറ്റമല്ലെന്നും കോടതി വ്യക്തമാക്കി. ബില്ല് നഷ്ടമായിരുന്നുവെങ്കിലും ബാങ്ക് വഴിയായി സാമ്പത്തിക ഇടപാട് നടത്തിയതാണ് കേസിൽ യുവാവിന് പിടിവള്ളിയായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം