Nirmala sitharaman : 'താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല': മൻമോഹൻ സിങിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് നിർമല

Published : Feb 18, 2022, 05:00 PM IST
Nirmala sitharaman : 'താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല': മൻമോഹൻ സിങിന്റെ പ്രസ്താവന വേദനിപ്പിച്ചെന്ന് നിർമല

Synopsis

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെതിരെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർധിച്ച വിലക്കയറ്റത്തോടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ രൂക്ഷ വിമർശനത്തോടായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം. 

ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെതിരെ (Manmohan Singh) കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman). മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർധിച്ച വിലക്കയറ്റത്തോടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ രൂക്ഷ വിമർശനത്തോടായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം. 

'എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളിൽ നിന്ന് ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാതെ വിഷമം തോന്നുന്നു,' - നിർമല പറഞ്ഞു. പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ മോദി സർക്കാരിനെതിരെ മൻമോഹൻ സിങ് ഇത്തരം വിമർശനം ഉന്നയിക്കുന്നതെന്നും അവർ ചോദിച്ചു.

മൻമോഹൻ സിങിന്റെ കാലത്തെ വിലയിരുത്തുക രണ്ടക്ക വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 22 മാസമാണ് വിലക്കയറ്റം രണ്ടക്കത്തിൽ നിലനിന്നത്. മൂലധന നിക്ഷേപം ഇന്ത്യക്ക് പുറത്തേക്ക് പോയതും മൻമോഹൻ സിങിന്റെ കാലത്തായിരുന്നുവെന്നും അവർ പറഞ്ഞു.

മോദി സർക്കാരിന്റെ കാലത്തെ വിലക്കയറ്റത്തെ വിമർശിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി കുറ്റപ്പെടുത്തി. വിലക്കയറ്റം നിയന്ത്രിക്കാൻ ബിജെപി സർക്കാർ അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. അതിനാലാണ് യുപിഎ കാലത്തേക്കാളും വിലക്കയറ്റ നിരക്ക് ഇപ്പോൾ താഴ്ന്നിരിക്കുന്നതെന്നും അവർ പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം മുതൽ ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ തോത് താഴുമെന്ന് റിസർവ് ബാങ്ക് തന്നെ വ്യക്തമാക്കിയതാണ്. യൂറോപ്പിലും അമേരിക്കയിലും വിലക്കയറ്റം പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലാണ്. എന്നാൽ ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

രാജ്യത്ത് അസമത്വവും ദാരിദ്ര്യവും വളരുന്നുവെന്ന ഒക്സ്ഫാം റിപ്പോർട്ടിനെ നിർമല തള്ളി. കേന്ദ്രസർക്കാർ നടത്തുന്ന ക്ഷേമപദ്ധതികൾ കണക്കാക്കാതെയാണ് ഈ റിപ്പോർട്ടെന്ന് അവർ കുറ്റപ്പെടുത്തി.  ഇന്നലെയാണ് കേന്ദ്രസർക്കാരിനെതിരെ മൻമോഹൻ സിങ് രൂക്ഷ വിമർശനം നടത്തിയത്. കേന്ദ്രസർക്കാരിന്റെ സങ്കുചിത സാമ്പത്തിക നയങ്ങൾ ജനങ്ങൾക്ക് ബാധ്യതയാണെന്നായിരുന്നു വിമർശനം. 

വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുന്നുവെന്നും സാമ്പത്തികരംഗം ദുർബലമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കർഷമ സമരം, വിദേശ നയം, വിലക്കയറ്റം തൊഴിലില്ലായ്മ തുടങ്ങി വിവിധ വിഷയങ്ങളിൽ ഊന്നിനിന്നുകൊണ്ടായിരുന്നു മുൻ പ്രധാനമന്ത്രിയും രാജ്യത്തെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ദ്ധനുമായ മൻമോഹൻ സിങിന്റെ പ്രതികരണം. ബിജെപിയുടെ ദേശീയത പൊള്ളയാണെന്നും വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ