
മുംബൈ: പ്രതിസന്ധിയിലായ യെസ് ബാങ്കിൻറെ ഇടപാടുകാർ എല്ലാം പണത്തിനായി എടിഎമ്മുകളിൽ തിക്കും തിരക്കും കൂട്ടുന്നു. എന്നാൽ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ എടിഎമ്മുകളെല്ലാം കാലിയായ നിലയിലാണ്. ഇതോടെ ഭൂരിഭാഗം പേർക്കും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനായില്ല.
ഇടപാടുകാർക്ക് അരലക്ഷം രൂപ പിൻവലിക്കാം എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ചെക്ക് ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിച്ചവർക്ക് തടസ്സങ്ങൾ ഒന്നും നേരിട്ടിട്ടില്ല. എന്നാൽ എടിഎമ്മുകൾ കാലിയായത് ഇടപാടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡുകളും പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതിനു പുറമേ യെസ് ബാങ്കിൻറെ മീൽ കാർഡുകളും പ്രവർത്തിക്കുന്നില്ല.
ദില്ലി പാർലമെൻറ് സ്ട്രീറ്റിലെ ഒരു പോസ്റ്റ് ഓഫീസിൽ യെസ് ബാങ്കിലെ ചെക്കുകൾ ക്ലിയർ ചെയ്യുന്നതല്ലെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. എങ്കിലും പേടിക്കേണ്ട സാഹചര്യം നിലവിലില്ല എന്നാണ് റിസർവ് ബാങ്ക് നിർമിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വാർത്താക്കുറിപ്പിൽ പറഞ്ഞത്. ഏപ്രിൽ മൂന്നിന് മുൻപ് ബാങ്കിൻറെ പ്രവർത്തനം സാധാരണ നിലയിലാവും എന്നും അദ്ദേഹം പറഞ്ഞു.