
ദേശീയ പെന്‍ഷന്‍ സമ്പ്രദായത്തിലെ ലൈഫ് സൈക്കിള്‍ ഫണ്ടുകളുടെ പേരുകള്‍ പരിഷ്‌കരിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി. ഫണ്ടുകളുടെ യഥാര്‍ത്ഥ സ്വഭാവവും റിസ്‌ക് സാധ്യതകളും നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ നടപടി. ഓരോ ഫണ്ടും എത്രമാത്രം ഓഹരികളില്‍ നിക്ഷേപിക്കുന്നു എന്നതിനും, അതിലൂടെ ലഭിക്കാവുന്ന വരുമാനം/നഷ്ടസാധ്യത എന്നിവയ്ക്കും അനുസരിച്ച് പേരുകള്‍ പുനഃക്രമീകരിക്കാന്‍ പിഎഫ്ആര്‍ഡിഎ തീരുമാനിച്ചു. ഉദാഹരണത്തിന്: 'അഗ്രസീവ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലൈഫ് സൈക്കിള്‍ 75 (LC 75) ഫണ്ടിനേക്കാള്‍, ബാലന്‍സ്ഡ് ലൈഫ് സൈക്കിള്‍ ഫണ്ടിന് (BLC) 45 വയസ്സിലും 55 വയസ്സിലുമെല്ലാം കൂടുതല്‍ ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. ഇത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കി. പരിഷ്‌കരിച്ച പേരുകള്‍ അനുസരിച്ച്, ഏത് ഫണ്ടാണ് ഏറ്റവും അനുയോജ്യമെന്ന് എളുപ്പത്തില്‍ തീരുമാനിക്കാം.
LC 25 (കണ്‍സര്‍വേറ്റീവ്) എന്നറിയപ്പെട്ടിരുന്ന ഫണ്ടിന്റെ പുതിയ പേര് ലൈഫ് സൈക്കിള്‍ 25 - ലോ എന്നാണ്. ഇത് 35 വയസ്സുവരെ 25% വരെ ഓഹരിയില്‍ നിക്ഷേപിക്കുകയും, 55 വയസ്സില്‍ 5% ആയി കുറയുകയും ചെയ്യും.
LC 50 (മോഡറേറ്റ്) എന്ന ഫണ്ടിനെ ലൈഫ് സൈക്കിള്‍ 50 മോഡറേറ്റ് എന്നാക്കി. ഇതില്‍ 35 വയസ്സുവരെ 50% വരെ ഓഹരി നിക്ഷേപവും, 55 വയസ്സില്‍ 10% ആയി കുറയുകയും ചെയ്യും.
LC 75 (അഗ്രസീവ്) എന്ന ഫണ്ട് ഇനി ലൈഫ് സൈക്കിള്‍ 75 - ഹൈ എന്ന് അറിയപ്പെടും. ഇത് 35 വയസ്സുവരെ 75% വരെ ഓഹരിയില്‍ നിക്ഷേപിക്കുകയും, 55 വയസ്സില്‍ 15% ആയി കുറയുകയും ചെയ്യും.
നിലവിലുണ്ടായിരുന്ന ബാലന്‍സ്ഡ് ലൈഫ് സൈക്കിള്‍ ഫണ്ട് (BLC) ഓട്ടോ ചോയ്സ് വിഭാഗത്തിലേക്ക് മാറ്റുകയും ലൈഫ് സൈക്കിള്‍ അഗ്രസീവ് എന്ന് പേര് മാറ്റുകയും ചെയ്തു. ഇത് 45 വയസ്സുവരെ 50% ഓഹരി നിക്ഷേപവും, 55 വയസ്സില്‍ 35% ആയി കുറയുകയും ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന റിസ്‌ക് വിഭാഗമാണ്.
തങ്ങളുടെ എന്‍.പി.എസ്. നിക്ഷേപം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവര്‍ക്കോ, നിക്ഷേപം ശ്രദ്ധിക്കാന്‍ സമയമില്ലാത്തവര്‍ക്കോ വേണ്ടിയുള്ള ഓപ്ഷനാണ് ഓട്ടോ ചോയ്സ്. ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവരുടെ നിക്ഷേപം ലൈഫ് സൈക്കിള്‍ ഫണ്ടുകളില്‍ ആണ് പോകുന്നത്.ഇവിടെ, നിക്ഷേപകന്റെ പ്രായം കൂടുന്നതിനനുസരിച്ച് ഓഹരി നിക്ഷേപം കുറയ്ക്കുകയും സുരക്ഷിതമായ മറ്റ് ആസ്തികളിലേക്കുള്ള നിക്ഷേപം കൂട്ടുകയും ചെയ്യും. ഇത് വിരമിക്കലിനോട് അടുക്കുമ്പോള്‍ നിക്ഷേപത്തിന് ഉണ്ടാകാവുന്ന നഷ്ടസാധ്യത കുറയ്ക്കുന്നു.