തീപിടിച്ച് എണ്ണവില; ബാരലിന് 100 ഡോളര്‍ കടന്നു, മുന്നറിയിപ്പ് നൽകി വിദഗ്ദർ, വരുന്നത് 1973ന് സമാനമായ വന്‍ പ്രതിസന്ധിയോ?

Published : Mar 09, 2026, 03:06 PM IST
Crude oil price rise

Synopsis

ഇറാനും ഇസ്രയേല്‍- അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ആഗോള എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പ്രധാന വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് വിലക്കയറ്റത്തിന് കാരണം.         

ഇറാനും ഇസ്രയേല്‍- അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022-ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ആദ്യമായി എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതാണ് ഈ വന്‍ പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം 1970-കളില്‍ ലോകം കണ്ട ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്ന് എണ്ണവിലയില്‍ 300 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.

ചങ്കിടിപ്പിക്കുന്ന കണക്കുകള്‍

ബ്രെന്റ് ക്രൂഡ് : വില 29 ശതമാനം കുതിച്ചുയര്‍ന്ന് 119.46 ഡോളറിലെത്തി.

ഡബ്ല്യു ടി ഐ ക്രൂഡ്: വില 31 ശതമാനത്തോളം ഉയര്‍ന്ന് 119.43 ഡോളറില്‍ എത്തി

എന്തുകൊണ്ട് വില കൂടുന്നു? ഇറാന്റെ പങ്ക് എന്ത്?

എണ്ണവില നിര്‍ണ്ണയിക്കുന്നതില്‍ ഇറാനുള്ള സ്വാധീനം വളരെ വലുതാണ്. ഇറാന്റെ സ്വന്തം എണ്ണ ഉല്‍പ്പാദനം കുറവാണെങ്കിലും, ലോകത്തെ 20 ശതമാനത്തോളം എണ്ണക്കപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അവരുടെ നിയന്ത്രണത്തിലാണ്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും അറബിക്കടലുമായും ബന്ധിപ്പിക്കുന്ന ഈ ഇടുങ്ങിയ പാതയിലൂടെയാണ് സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങളുടെ എണ്ണയും ഗ്യാസും കടന്നുപോകുന്നത്. ഇവിടെ ചില എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതോടെ ഈ വഴിയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. കടലിടുക്ക് തുറന്നിട്ടുണ്ടെന്നും കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാമെന്നും അമേരിക്കന്‍ ഭരണകൂടം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ഇറാന്‍ ആക്രമണം നടത്തില്ലെന്ന കാര്യത്തില്‍ വിപണിക്ക് വിശ്വാസമില്ല. എണ്ണ വിതരണം തടസ്സപ്പെടുമ്പോഴെല്ലാം വിപണിയില്‍ വില കുത്തനെ ഉയരുന്നതാണ് ചരിത്രമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

1973ലെ എണ്ണ പ്രതിസന്ധിയുടെ ആവര്‍ത്തനമോ?

1973ലെ അറബ്- ഇസ്രയേല്‍ യുദ്ധകാലത്ത് ഇസ്രയേലിനെ സഹായിച്ച അമേരിക്ക, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് ഒപെക് രാജ്യങ്ങള്‍ എണ്ണ നിഷേധിച്ചിരുന്നു. അന്ന് ആഗോള എണ്ണ വിതരണത്തില്‍ 7 മുതല്‍ 9 ശതമാനം വരെ ഇടിവുണ്ടായി. ഇതിന്റെ ഫലമായി ബാരലിന് 3 ഡോളര്‍ ഉണ്ടായിരുന്ന എണ്ണവില 12 ഡോളറിലേക്ക് (300% വര്‍ദ്ധനവ്) കുതിച്ചു. പിന്നീട് ഇറാനിയന്‍ വിപ്ലവം നടന്ന സമയത്തും വിലയില്‍ 180 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഇന്നത്തെ സാഹചര്യവും സമാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഇനി എന്ത് സംഭവിക്കാം?

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നാല്‍ വില പെട്ടെന്ന് തന്നെ സാധാരണ നിലയിലാകും. ആഴ്ചകളോളം ഈ തടസ്സം തുടര്‍ന്നാല്‍ വില ഇനിയും ഉയരും. ഇത് ആഗോളതലത്തില്‍ വലിയ വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമാകും. എണ്ണവില 125 ഡോളര്‍ കടന്നാല്‍ അത് 2008-ലെ റെക്കോര്‍ഡ് നിരക്കായ 145-150 ഡോളറിലേക്ക് എത്തിയേക്കാം. അതേസമയം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായാല്‍ ആഗോള എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയേക്കാമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍-കാബി വ്യക്തമാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചു തുടങ്ങി, ക്രൂഡ് ഓയിൽ തിളയ്ക്കുന്നു, വില ബാരലിന് 120 ഡോളർ, വിതരണം മന്ദ​ഗതിയിൽ
വിമാന യാത്രയിൽ മോശം സ‍‍‌ർവ്വീസ് നേരിടേണ്ടി വന്നാൽ എന്ത് ചെയ്യാം? നഷ്ടപരിഹാരം ലഭിക്കുമോ? യാത്രക്കാർ അറിയേണ്ട അവകാശങ്ങൾ