വിമാന യാത്രയിൽ മോശം സ‍‍‌ർവ്വീസ് നേരിടേണ്ടി വന്നാൽ എന്ത് ചെയ്യാം? നഷ്ടപരിഹാരം ലഭിക്കുമോ? യാത്രക്കാർ അറിയേണ്ട അവകാശങ്ങൾ

Published : Mar 09, 2026, 02:36 PM IST
Flight

Synopsis

വിമാനയാത്രയ്ക്കിടെ മോശം സീറ്റുകൾ, പ്രവർത്തിക്കാത്ത സ്ക്രീൻ തുടങ്ങിയ സേവനങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ എന്തുചെയ്യണം? റീഫണ്ട് ലഭിക്കാനുള്ള പുതിയ ഡിജിസിഎ നിയമങ്ങൾ, ടിക്കറ്റ് റദ്ദാക്കാനുള്ള വ്യവസ്ഥകൾ എന്നിവ എങ്ങനെയെന്ന് നോക്കാം. 

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സർവ്വീസുമായി ബന്ധപ്പെട്ട എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ എന്തു ചെയ്യണമെന്ന് ഇപ്പോഴും പലർക്കും അറിയില്ല. ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന യാത്രകളിൽ കംഫർട്ടബിൾ അല്ലാത്ത സീറ്റുകൾ, മുന്നിൽ എന്റർടെയിൻമെന്റ് സ്ക്രീൻ, ലാവറ്ററി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമെന്നതാണ് സാധാരണയായി യാത്രക്കാരുടെ പ്രതീക്ഷ. എന്നാൽ യാത്രയ്ക്കിടെ ഈ സൗകര്യങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എന്ത് ചെയ്യും? ചില സാഹചര്യങ്ങളിൽ യാത്രക്കാർക്ക് റീഫണ്ട് അല്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള നിയമപരമായ അവകാശം വരെ ഉണ്ട്. ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ ആദ്യം ബന്ധപ്പെട്ട എയർലൈൻ കമ്പനിയെ സമീപിക്കണം. പ്രശ്നം പരിഹരിക്കാത്ത പക്ഷം ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം. ആദ്യം എയർലൈൻസിന്റെ ഗ്രീവൻസ് സംവിധാനമോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ന്റെ എയർ സേവ പോർട്ടൽ ഉപയോഗിക്കാം.

എപ്പോൾ റീഫണ്ട് ലഭിക്കും?

ഡിജിസിഎ പുറത്തിറക്കിയ പുതിയ സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സ് (CAR) പ്രകാരം താഴെപ്പറയുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് റീഫണ്ട് ലഭിക്കാൻ സാധ്യതയുണ്ട്. ഈ നിയമങ്ങൾ 2026 മാർച്ച് 26 മുതൽ പ്രാബല്യത്തിൽ വരും.

ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മറ്റ് ഫീസുകൾ ഇല്ലാതെ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാം. എന്നാൽ ഇന്ത്യക്കകത്തുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ ബുക്കിംഗിന് ശേഷം 7 ദിവസത്തിനുള്ളിലാണ് യാത്രെങ്കിൽ ഇത് ബാധകമാകില്ല. അന്താരാഷ്ട്ര യാത്രകളിൽ 15 ദിവസത്തിനുള്ളിൽ ആണ് യാത്രയെങ്കിലും ഇത് ബാധകമാകില്ല.

ട്രാവൽ ഏജന്റിലൂടെയോ ഓൺലൈൻ പോർട്ടലിലൂടെയോ ടിക്കറ്റ് എടുത്താലും, എയർലൈൻ 14 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് നൽകാറുണ്ട്. ടിക്കറ്റ് നേരിട്ട് എയർലൈൻ വെബ്സൈറ്റിൽ ബുക്ക് ചെയ്തതാണെങ്കിൽ, 24 മണിക്കൂറിനുള്ളിൽ യാത്രക്കാരന്റെ പേര് തിരുത്തുന്നതിന് ഫീസ് ഈടാക്കില്ല. യാത്രക്കാരനോ അതേ പിഎൻആറിൽ ഉള്ള കുടുംബാംഗമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, എയർലൈൻ റീഫണ്ടോ ഭാവി യാത്രയ്ക്ക് ഉപയോഗിക്കാവുന്ന ക്രെഡിറ്റ് ഷെല്ലോ നൽകാം.

എപ്പോൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കണം?

യാത്രാ സമയത്തിനിടെ വാഗ്ദാനം ചെയ്ത സേവനത്തിൽ എന്തെങ്കിലും തരത്തിലുള്ള തകരാറോ നിലവാരത്തിൽ കുറവോ സംഭവിച്ചാൽ അതിനെ “deficiency in service” ആയി കണക്കാക്കാം. ഇങ്ങനെ വന്നാൽ ആദ്യം എയർലൈൻ കസ്റ്റമർ സപ്പോർട്ടിലോ ഗ്രീവൻസ് പോർട്ടലിലോ പരാതി നൽകണം. പ്രശ്നം പരിഹരിക്കപ്പെടാത്ത പക്ഷം, യാത്രക്കാർക്ക് Consumer Protection Act, 2019 പ്രകാരം Consumer Disputes Redressal Commission-നെ സമീപിച്ച് റീഫണ്ടും നഷ്ടപരിഹാരവും ആവശ്യപ്പെടാം. സാധാരണയായി ഇത്തരം പരാതികൾ സംഭവം നടന്നിട്ട് രണ്ട് വർഷത്തിനുള്ളിൽ വരെ പരാതി നൽകാം.

ഇതുമായി ബന്ധപ്പെട്ട് 2026 ജനുവരിയിൽ വന്ന വളരെ ശ്രദ്ധേയമായ ഒരു വിധി നോക്കാം. ന്യൂയോ‍‍ർക്കിലേക്ക് പോകുന്ന വിമാനത്തിൽ പ്രീമിയം ടിക്കറ്റ് എടുത്തിട്ടും തകരാറിലായ സീറ്റ്, ശുചിയല്ലാത്ത ലാവറ്ററി, പ്രവ‌ർത്തിക്കാത്ത എന്റർടെയിൻമെന്റ് സ്ക്രീൻ എന്നിവ സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് യാത്രക്കാ‍‌ർക്ക് എയ‍‌ർലൈൻ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ് ലഭിച്ചത്. സേവനം നൽകുന്നതിൽ എയ‍‌ർലൈൻ ഗുരുതരമായ പിഴവ് വരുത്തിയെന്നായിരുന്നു കമ്മീഷൻ വിലയിരുത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ലോകകപ്പിലെ റൺവേട്ടക്കാരൻ മാത്രമല്ല; കോടികളുടെ ആസ്തിയുമായി സഞ്ജു സാംസൺ! സമ്പന്നരിൽ എട്ടാമൻ
വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്