
ചെറിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കാളായി മാറിയ ഒകിനാവ ഓട്ടോടെക് (Okinawa Autotech) തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തെ തിരിച്ച് വിളിച്ചു. 3,215 പ്രെയ്സ് പ്രോ (Praise Pro) ഇലക്ട്രിക് സ്കൂട്ടറുകളാണ് (electric scooter) ഒകിനാവ തിരിച്ചു വിളിച്ചിരിക്കുന്നത്. ബാറ്ററികളുമായി ബന്ധപ്പെട്ട് സമീപ കാലങ്ങളിൽ ഇലക്ട്രിക്ക് സ്കൂട്ടറുകൾക്കുണ്ടായ തീപ്പിടുത്തങ്ങൾ കാരണമാണ് ഓകിനാവ ഓട്ടോടെകിന്റെ പുതിയ നടപടി. ഈ സ്കൂട്ടറുകളുടെ സമഗ്രമായ പരിശോധനയ്ക്ക് വേണ്ടിയാണു ഓകിനാവ ഇവയെ തിരിച്ചു വിളിക്കുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങൾക്കുണ്ടാകുന്ന തുടർച്ചയായ തീപിടുത്തങ്ങൾ വിപണിയെ മോശമായാണ് ബാധിക്കുന്നത്. ആളുകൾക്ക് ഇലക്ട്രിക്ക് വാഹനത്തോടുള്ള വിശ്വാസത്തിൽ ഇടിവ് വരാൻ തുടർച്ചയായി ഉണ്ടാകുന്ന ഈ തീപ്പിടുത്തങ്ങൾ കാരണമായി. ഇത് മനസിലാക്കിയാണ് ഒകിനാവ തങ്ങളുടെ ആദ്യ ഉത്പന്നമായ പ്രൈസ് പ്രോയെ തിരികെ വിളിച്ചിരിക്കുന്നത്.
സമഗ്രമായ പവർപാക്ക് ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്താനാണ് ഓകിനാവ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബാറ്ററികൾക്ക് തകരാറുകൾ ഉണ്ടോ എന്നും ബാറ്ററിയിൽ നിന്നുമുള്ള കണക്ടറുകൾക്ക് കേടുപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. വാഹനങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾ എല്ലാം തന്നെ ഇന്ത്യയിലെ ഏതെങ്കിലും ഒകിനാവ അംഗീകൃത ഡീലർഷിപ്പുകളിൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്തുകയും ചെയ്യും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്
കഴിഞ്ഞ ഒക്‌ടോബർ മുതലാണ് ഒകിനാവയുടെ സ്കൂട്ടറുകൾക്ക് തീ പിടിക്കുന്നത്. മാർച്ച് 25 ന് ഒകിനാവയുടെ സ്കൂട്ടറിന് തീ പിടിച്ച് തമിഴ്‌നാട്ടിൽ ഒരു അച്ഛനും മകളും മരിച്ചിരുന്നു. “വാഹനം ചാർജ് ചെയ്യുന്നതിലെ അശ്രദ്ധ കാരണം ഉണ്ടായ ഷോർട് സർക്യൂട്ടാണ് കാരണം എന്ന് കമ്പനി ഇതിനെ കുറിച്ച് പിന്നീട് വ്യക്തമാക്കിയിരുന്നു. മാർച്ച് 28 ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ മണിപ്പാറയിലും ഒകിനാവ സ്കൂട്ടറിന് തീ പിടിച്ചിരുന്നു. ഇതുവരെ 3 ഇലക്ട്രിക് ബൈക്കുകളാണ് ഒകിനാവ ഓട്ടോടെക് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഓകിനാവ പ്രൈസ്, ഓകിനാവ റിഡ്ജ്, ഓകിനാവ റിഡ്ജ് പ്ലസ് എന്നിവയാണ് അവ. ഇതിൽ ഓകിനാവ പ്രൈസ് ആളാണ് കമ്പനി ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്.