ഓണവും ഗണപതി ആഘോഷവും; ജീവനക്കാര്‍ക്ക് ശമ്പളം നൽകുന്ന തീയതികൾ തീരുമാനിച്ച് കേന്ദ്ര സർക്കാർ

By Web TeamFirst Published Aug 16, 2023, 5:47 PM IST
Highlights

കേരളത്തിലും മഹാരാഷ്ട്രയിലും ജോലി ചെയ്യുന്ന പ്രതിരോധം, പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സർക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ കേന്ദ്ര സര്‍ക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മറ്റും ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. അതോടൊപ്പം ഗണപതി ആഘോഷവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലുള്ള കേന്ദ്ര സർക്കാര്‍ ജീവനക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ശമ്പളവും പെന്‍ഷനും മറ്റും സെപ്റ്റംബര്‍ 29നും വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി.

കേരളത്തിലും മഹാരാഷ്ട്രയിലും ജോലി ചെയ്യുന്ന പ്രതിരോധം, പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര സർക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഈ രണ്ട് സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേന്ദ്ര സർക്കാരിന്‍റെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വേതനവും കേന്ദ്ര സർക്കാര്‍ പെന്‍ഷന്‍കാരുടെ പെന്‍ഷനും ഈ തീയതികളില്‍ തന്നെ വിതരണം ചെയ്യും.

ഒരു മാസത്തെ ശമ്പളം പൂര്‍ണ്ണമായി നിര്‍ണ്ണയിച്ച് കഴിഞ്ഞാല്‍ ക്രമപ്പെടുത്തുന്നതിന് വിധേയമായിരിക്കും മുന്‍കൂറായി വിതരണം ചെയ്യുന്ന ഈ ശമ്പളവും പെന്‍ഷനും മറ്റും. അത്തരത്തില്‍ എന്തെങ്കിലും ക്രമീകരണങ്ങള്‍ വേണ്ടി വന്നാല്‍ ഒഴിവാക്കലുകള്‍ ഇല്ലാതെ അത് ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട ഓഫീസ് മെമ്മോറോണ്ടത്തിലൂടെ ജോയിന്റ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് (ടി എ) ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.

അതേസമയം, ഓണത്തിന് മുൻപ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ല. ജനങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ആവശ്യമുളളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്. ശമ്പളത്തിന്‍റെ  ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണെന്ന് കോടതി പറഞ്ഞു. 130 കോടി സർക്കാരിൽ നിന്ന് ലഭിച്ചാൽ ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം മൊത്തം നൽകാൻ സാധിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസി ശമ്പള വിഷയം പരിഗണിക്കുന്നത് ഹൈകോടതി ഈ മാസം 21 ലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ മാസത്തെ പെൻഷൻ ഉടൻ നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

വിദ്യാർഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര; അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്കായി സുപ്രധാന തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!