
തിരുവനന്തപുരം: ചെറിയ ഒരു ഇടവേളക്ക് ശേഷം വീണ്ടും കുതിച്ച് കയറി ഉള്ളിവില. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് നൂറുരൂപയിലേക്ക് കടന്നു. ചെറിയ ഉള്ളിയുടെ വില 140ലേക്കും വെളുത്തുള്ളി വില 200 രൂപയിലേക്കും എത്തി.
ഉള്ളി ലഭ്യത കുറയുന്നതും ട്രാന്‍സ്പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം. പത്തുദിവസത്തോളമായി ഉള്ളിവില 80-90 രൂപയില്‍ തുടരുകയായിരുന്നു. വില കൂടുന്നത് മൂലം ആളുകള്‍ ഉള്ളി വാങ്ങാതെ വരുന്ന അവസ്ഥയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.
ഉള്ളിയുടെ ഇറക്കുമതി സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ തോടുന്നുണ്ടെന്നാണ് സൂചന. എന്നാല്‍ ഇറക്കുമതി ചെയ്ത ഉള്ളിയ്ക്ക് ഗുണം കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനുവരി ആദ്യവാരത്തോടെ ഉള്ളി യഥേഷ്ടം ലഭ്യമാകുമെന്നാണ് വിവരം.