
ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ വിജയികള്‍ക്ക് ലഭിക്കുന്നത് കോടികളോ? ഇത് സംബന്ധിച്ച പല കണക്കുകളും ഊഹാപോഹങ്ങളും ആണ് പുറത്തുവരുന്നത് എങ്കിലും ഓസ്‌കര്‍ ലഭിക്കുന്നവര്‍ക്ക് അക്കാദമി ഔദ്യോഗികമായി പണമൊന്നും നല്‍കുന്നില്ല എന്നതാണ് വാസ്തവം. വിജയികള്‍ക്ക് നല്‍കുന്ന ആ സ്വര്‍ണ്ണ നിറത്തിലുള്ള പ്രതിമയുടെ മൂല്യം ഏകദേശം 400 യൂറോയാണ്. അതായത് ഇന്ത്യന്‍ രൂപയില്‍ 36,000 രൂപയ്ക്ക് മുകളില്‍ വരും ഇതിന്റെ വില.
അവാര്‍ഡ് ലഭിക്കുന്നതോടെ താരങ്ങളുടെ വിപണി മൂല്യം കുതിച്ചുയരും. ഇതിനെയാണ് സിനിമാ ലോകത്ത് 'ഓസ്‌കര്‍ ഇഫക്റ്റ്' എന്ന് വിളിക്കുന്നത്. ഒരു ഓസ്‌കര്‍ നേടുന്നതോടെ അഭിനേതാക്കളുടെ പ്രതിഫലത്തില്‍ ഏകദേശം 20 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ലോകപ്രശസ്തരായ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വമ്പന്‍ അവസരങ്ങളും ഇവരെ തേടിയെത്തും.
അവാര്‍ഡ് ലഭിച്ചാലും ഇല്ലെങ്കിലും മികച്ച നടീനടന്മാര്‍ക്കും സംവിധായകര്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. അക്കാദമി നേരിട്ടല്ലെങ്കിലും വിവിധ കമ്പനികള്‍ നോമിനികള്‍ക്കായി നല്‍കുന്ന 'ഗിഫ്റ്റ് ബാഗുകളില്‍' കോടിക്കണക്കിന് രൂപയുടെ ആഡംബര സമ്മാനങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇതില്‍ 43.7 ലക്ഷം രൂപ (50,000 ഡോളര്‍) വിലമതിക്കുന്ന സ്വിസ് ചാലെറ്റ് റിട്രീറ്റ്, കരീബിയനിലെ സെന്റ്-ബാര്‍ത്ത് പാരഡൈസിലെ മൂന്ന് ദിവസത്തെ താമസം തുടങ്ങി ആഡംബര പൂര്‍ണ്ണമായ മൂന്ന് വിനോദയാത്രകള്‍ വരെ ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും പരസ്യ ആവശ്യങ്ങള്‍ക്കായി വിവിധ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നല്‍കുന്ന ഇത്തരം സമ്മാനങ്ങള്‍ ഓസ്‌കര്‍ അവാര്‍ഡിന്റെ ഭാഗമല്ലെങ്കിലും നോമിനികള്‍ക്ക് വലിയൊരു നേട്ടം തന്നെയാണ്.