പണമിടപാടുകൾ 20 ലക്ഷത്തിൽ കൂടുതൽ ആണോ? പാൻ, ആധാർ വിവരങ്ങൾ നിർബന്ധം

By Web TeamFirst Published May 30, 2022, 11:48 AM IST
Highlights

രാജ്യത്തുടനീളമുള്ള വാ​ണി​ജ്യ ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു.ഇതോടെ പാൻ, ആധാർ എന്നിവ കൈവശമില്ലാത്തവർക്ക് വലിയ ബാങ്ക് ഇടപാടുകൾ ഇനി പ്രയാസമാകും.

ബാങ്കുകളിൽ 20 ല​ക്ഷ​ത്തി​ന് മുകളിൽ നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും പാ​ൻ, ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്രസർക്കാർ. പുതിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോഴും ഇനി മുതൽ പാ​ൻ, ആ​ധാ​ർ ന​മ്പ​ർ നമ്പർ (PAN, Aadhaar) നിർബന്ധമായി നൽകണം. രാജ്യത്തുടനീളമുള്ള വാ​ണി​ജ്യ ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് (സി.​ബി.​ഡി.​ടി) ആണ് പുതുക്കിയ നിയമം സംബന്ധിച്ച വി​ജ്ഞാ​പ​നം പുറത്തിറക്കിയത്. 

ഇതോടെ പാൻ, ആധാർ എന്നിവ കൈവശമില്ലാത്തവർക്ക് വലിയ ബാങ്ക് ഇടപാടുകൾ ഇനി പ്രയാസമാകും. ഉയർന്ന തുക നിക്ഷേപിക്കാനോ പിൻവലിക്കാനോ ഇതിനകം തന്നെ ബാങ്കുകൾ പാൻ കാർഡുകൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ഇനി മുതൽ 20 ലക്ഷം രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടി വരുമ്പോൾ നിർബന്ധമായും പാൻ, ആധാർ വിവരങ്ങൾ നൽകണം. പാൻ കാർഡോ  ആധാർ കാർഡോ ഇല്ലാതെ ഇടപാടുകൾ നടന്നാൽ ഇനി ബാങ്കുകൾക്കെതിരെ കടുത്ത നടപടി ഉണ്ടാകും.20 ല​ക്ഷ​ത്തി​ന് മു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ നടക്കുമ്പോൾ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം അപേക്ഷ ആ​ദാ​യ നി​കു​തി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നോ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നോ സ​മ​ർ​പ്പി​ക്ക​ണം.  ആ​ദാ​യ നി​കു​തി ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്താതെ ഇടപാടുകൾക്ക് ഇനി അനുമതി ലഭിക്കില്ല.

പുതിയ ക​റ​ന്റ്, ക്രെ​ഡി​റ്റ് അ​ക്കൗ​ണ്ട് എ​ന്നി​വ തു​റ​ക്കു​ന്ന​തി​നും ഇനി മുതൽ പാൻ, ആധാർ കാർഡുകൾ  നിർബന്ധമാണ്. നേരത്തെ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുമ്പോൾ മാത്രമേ ബാങ്കുകൾ പാൻ നമ്പർ ആവശ്യപ്പെടുക ഉണ്ടായിരുന്നുള്ളു. കൂടാതെ റൂൾ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ വാർഷിക പരിധി ഉണ്ടായിരുന്നില്ല.

രാജ്യത്ത് പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി. ഒന്നിലധികം പാൻ കാർഡുകൾ കൈവശം വെക്കുന്നവരും ഉപയോഗിക്കുന്നവരും ഉണ്ടെന്ന് ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുൻപ് പാൻ-ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.  

click me!