വരള്‍ച്ച രൂക്ഷം, പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു; ലോക വ്യാപാരത്തിന്റെ ഭാവി എന്ത്?

Published : Aug 21, 2026, 04:04 PM IST
Panama Canal

Synopsis

പ്രതികൂല കാലാവസ്ഥയും എല്‍ നിനോ പ്രതിഭാസവും മൂലമുള്ള വരള്‍ച്ചയെ തുടര്‍ന്ന് പനാമ കനാല്‍ അധികൃതര്‍ കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ മുതല്‍ പ്രതിദിനം 32 കപ്പലുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഈ നിയന്ത്രണം ആഗോള കപ്പല്‍ ഗതാഗതത്തെയും വ്യാപാരത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.

പ്രതികൂല കാലാവസ്ഥയും എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള വരള്‍ച്ചയും കാരണം പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ അധികൃതരുടെ തീരുമാനം. ഇതോടെ ലോകത്തെ കപ്പല്‍ ഗതാഗതവും ആഗോള വ്യാപാരവും കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്‍.

നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ മുതല്‍..

നിലവില്‍ ഒരു ദിവസം 36 കപ്പലുകള്‍ക്കാണ് കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാല്‍ സെപ്റ്റംബര്‍ 15 മുതല്‍ ഇത് 32 ആയി കുറയ്ക്കുമെന്ന് പനാമ കനാല്‍ അതോറിറ്റി കപ്പല്‍ കമ്പനികളെ അറിയിച്ചു. സെപ്റ്റംബര്‍ 3 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങും.

വില്ലനായി എല്‍ നിനോ

സമുദ്രോപരിതലം ചൂടാകുന്ന എല്‍ നിനോ പ്രതിഭാസമാണ് പനാമയില്‍ മഴ കുറയാന്‍ പ്രധാന കാരണം. ആഗോള കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന എല്‍ നിനോ ഇത്തവണ കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ പ്രതിസന്ധിയോട് മല്ലിടുന്നതിനിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും ഇരുട്ടടിയായി വരുന്നത്.

കുടിവെള്ളം സംരക്ഷിക്കാന്‍

സേവനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മധ്യ അമേരിക്കയില്‍ മഴക്കാലം തുടങ്ങിയെങ്കിലും, കനാലിന്റെ സുഗമമായ നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് കനാല്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലചൂഷണം കുറയ്ക്കാനുള്ള ചില നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

പനാമ കനാല്‍: ആഗോള വ്യാപാരത്തിന്റെ നട്ടെല്ല്

അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്‍ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പനാമ കനാല്‍, കപ്പലുകളുടെ യാത്രാസമയവും ദൂരവും വലിയ രീതിയില്‍ കുറയ്ക്കുന്നുണ്ട്. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യനിര്‍മ്മിത പാതയിലൂടെ പ്രതിവര്‍ഷം 14,000-ത്തോളം കപ്പലുകളാണ് കടന്നുപോകുന്നത്. ആഗോള വ്യാപാരത്തിലെ നിര്‍ണായക പാതയായ പനാമ കനാല്‍, പനാമ രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കൂടിയാണ്. പ്രതിവര്‍ഷം ഏകദേശം 300 കോടി ഡോളറാണ് കനാലില്‍ നിന്നുള്ള വരുമാനം.

ആശങ്കയൊഴിയാതെ...

കഴിഞ്ഞ എല്‍ നിനോ സമയത്തും (2023) പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം കുറച്ചിരുന്നു. 1950-ല്‍ രേഖപ്പെടുത്തലുകള്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു അന്ന് പനാമയിലുണ്ടായത്. അതിനുശേഷം ജല ഉപയോഗം കുറയ്ക്കാനുള്ള നിരവധി പദ്ധതികള്‍ കനാല്‍ അതോറിറ്റി കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എല്‍ നിനോ പ്രതിഭാസത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത് കപ്പല്‍ ഗതാഗതത്തെ മാത്രമല്ല, ആഗോളതലത്തില്‍ കാലാവസ്ഥയെയും ഭക്ഷ്യവിതരണത്തെയും സമ്പദ്വ്യവസ്ഥയെ തന്നെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

PREV
Read more Articles on
click me!

Recommended Stories

30,000 രൂപയിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ
'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം'; ബോളിവുഡില്‍ ഇത് പുതിയ ട്രെന്‍ഡ്! തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വന്തമായി കൃഷിയിടം വാങ്ങി വരുണ്‍ ധവാനും