
ദില്ലി: ട്രെയിനില്‍ യാത്ര (train journey) ചെയ്യാന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കണം. യാത്രയയക്കാന്‍ വരുന്നവര്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ പ്രവേശിക്കാന്‍ പ്ലാറ്റ്‌ഫോം (Platform ticket) ടിക്കറ്റെടുക്കണം. എന്നാല്‍ ട്രെയിനില്‍ കയറാനും ഇറങ്ങാനും പണം കൊടുക്കേണ്ടി വന്നാലോ? ഇന്ത്യന്‍ റെയില്‍വെയിലെ (Indian railway) പുതിയ മാറ്റങ്ങള്‍ അത്തരത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
പുതുതായി വികസിപ്പിച്ചതോ വികസിപ്പിക്കാനിരിക്കുന്നതോ ആയ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ 10 രൂപ മുതല്‍ 50 രൂപ വരെ യാത്രക്കാരന്‍ കൊടുക്കേണ്ടി വരും. യാത്രാ ടിക്കറ്റിന് പുറമെയാണ് ഈ തുക. സമാനമായ നിലയില്‍ ഇത്തരം സ്റ്റേഷനുകളില്‍ ഇറങ്ങാനും പണം കൊടുക്കേണ്ടി വരുമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിമാന ടിക്കറ്റുകളിലേത് പോലെ ഈ തുക ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവില്‍ നിന്ന് ഈടാക്കും. ഫസ്റ്റ് ക്ലാസ് എസി, എസി ടു ടയര്‍, എസി ത്രീ ടയര്‍, സ്ലീപര്‍, അണ്‍ റിസര്‍വ്ഡ് എന്നീ കാറ്റഗറികളില്‍ വ്യത്യസ്ത നിരക്കിലായിരിക്കും ഫീസ്. ഇതുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം റെയില്‍വെ മന്ത്രാലയം ഉടന്‍ പുറത്തിറക്കും.
റെയില്‍വെ സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ കൈമാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വരുമാനം വര്‍ധിക്കുമെന്ന് കണ്ടാല്‍ കൂടുതല്‍ പേര്‍ ടെണ്ടറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. റെയില്‍വെ സമര്‍പ്പിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.