അഞ്ച് സംസ്ഥാനങ്ങളിലും, ഒരു കേന്ദ്രഭരണപ്രദേശത്തും പെട്രോള്‍ വില 'സെഞ്ച്വറി അടിച്ചു'

By Web TeamFirst Published Jun 6, 2021, 5:13 PM IST
Highlights

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധിച്ചതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം എന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. 

ദില്ലി: പെട്രോള്‍ വില 21 പൈസയും, ഡീസല്‍ വില 20 പൈസയുമാണ് ഞായറാഴ്ച എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്. മെയ് 4 മുതല്‍ നോക്കിയാല്‍ ഇത് 20മത്തെ ദിവസമാണ് ഇന്ധന വില ഉയര്‍ത്തുന്നത്. ദില്ലിയില്‍ പെട്രോള്‍‍ വില 95 രൂപയും, ഡീസല്‍ വില 86 രൂപയുമാണ്. അതേ സമയം രാജ്യത്തെ 5 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും പെട്രോള്‍ വില 100 കടന്നു. 

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നത്. സംസ്ഥാനങ്ങളില്‍ മൂല്യവര്‍ദ്ധിത നികുതിയും, മറ്റ് നികുതികളും വ്യത്യസ്തമായതാണ് സംസ്ഥാനങ്ങളില്‍ വിവിധ വിലയില്‍ പെട്രോള്‍ ലഭിക്കാന്‍ കാരണം.

അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധിച്ചതാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണം എന്നാണ് എണ്ണ കമ്പനികള്‍ പറയുന്നത്. ലോകത്തെമ്പാടും ഇന്ധനത്തിന്‍റെ ആവശ്യകത കൂടിയതും, അതിന് അനുസരിച്ച് എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം ഉയര്‍ത്താതുമാണ് അന്തരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധനയ്ക്ക് കാരണം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

രാജ്യത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ദ്ധിത നികുതിയും, ലെവികളും ചുമത്തിയ സംസ്ഥാനം രാജസ്ഥാനാണ്. പിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ്. മുംബൈയില്‍ മെയ് 29ന് തന്നെ പെട്രോള്‍ വില 100 കടന്നിരുന്നു. ഇപ്പോള്‍ പെട്രോള്‍ വില 101.3 രൂപയാണ് ലിറ്ററിന്. ഡീസല്‍ വില 93.35 ആണ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കാലത്ത് പെട്രോളിയം ഉത്പന്നവിലയില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. എന്നാല്‍ മെയ് 4 മുതല്‍ ഇതുവരെ 20 വിലവര്‍ദ്ധിപ്പിക്കലുകള്‍ നടന്നു. ഇതിലൂടെ പെട്രോളിന് 4.69 രൂപയും, ഡീസലിന് 5.28 രൂപയും വര്‍ദ്ധിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!