Petrol Diesel Price Cut| നികുതി കുറച്ച് നിരവധി സംസ്ഥാനങ്ങൾ, നിഷേധ നിലപാടിൽ കേരളം

By Web TeamFirst Published Nov 4, 2021, 2:53 PM IST
Highlights

ഉത്തർപ്രദേശ് മുതൽ ഒഡീഷ വരെ നിരവധി സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറായിട്ടും കേരളവും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും (Petrol Diesel Price Cut) കേന്ദ്രസർക്കാർ (Central Government) എക്സൈസ് തീരുവ (Excise Tax) കുറച്ചതിന് പിന്നാലെ മൂല്യ വർധിത നികുതി (Value Added Tax) കുറച്ച് നിരവധി സംസ്ഥാനങ്ങൾ.  പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചതായി  ഉത്തർപ്രദേശും ഹരിയാനയും  അറിയിച്ചു. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കർണാടക, മണിപ്പൂർ,മിസ്സോറം സംസ്ഥാനങ്ങൾ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. 

ബിഹാറിൽ പെട്രോളിന് 3 രൂപ 20 പൈസയും ഡീസലിന് 3രൂപ 90 പൈസയുമാണ് കുറച്ചത്.  ഉത്തരാഖണ്ഡില്‍ പെട്രോളിന് വാറ്റില്‍ നിന്ന് രണ്ട് രൂപയുടെ കുറവ് വരുത്തി.  മൂന്ന് രൂപ വീതം കുറക്കുകയാണെന്ന് ഒഡീഷ സർക്കാരും വ്യക്തമാക്കി. മൂല്യ വര്‍ധിത നികുതി കുറക്കാൻ തയ്യാറായ ആദ്യ എന്‍ഡിഎ ഇതര സംസ്ഥാനമാണ് ഒഡീഷ. എന്നാല്‍ കേന്ദ്രസർക്കാർ ഇളവിന് ആനുപാതികമായ കുറവ് സംസ്ഥാനത്തെ വാറ്റിലുമുണ്ടാകുമെന്ന കേരളത്തിന്‍റെ അതേ നിലപാടാണ് രാജസ്ഥാൻ സ്വീകരിച്ചിരിക്കുന്നത്.

നികുതി കുറക്കാൻ കേരളത്തിൽ ഇടത് സർക്കാരിന് മേൽ കോൺഗ്രസ്സും ബിജെപിയും സമ്മർദ്ദമേറ്റുമ്പോൾ, നിഷേധാത്മക നിലപാടാണ് സിപിഎം സെക്രട്ടേറിയേറ്റും സ്വീകരിച്ചത്. അഞ്ച് വർഷമായി കേരളം ഇന്ധന നികൂതി കൂട്ടാത്തതാണ് കാരണമായി വിശദീകരിക്കുന്നത്. നിലപാട് ജനത്തോട് വിശദീകരിക്കാൻ പാർട്ടി ധനമന്ത്രി കെഎൻ ബാലഗോപാലിനെ ചുമതലപ്പെടുത്തി. കേന്ദ്ര നടപടി അത്രവലിയ ആശ്വാസമല്ലെന്ന് പറഞ്ഞും സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തിയുമാണ് നികുതി കുറക്കില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

എക്സൈസ് തീരുവ 30 രൂപയിലേറെ കൂട്ടിയ കേന്ദ്രം അതിന്റെ ആനുപാതിക ആനുകൂല്യം സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്ന വാദമാണ് സിപിഎം ഉന്നയിക്കുന്നത്. സംസ്ഥാനം നികുതി കുറച്ചാൽ ശമ്പളവും പെൻഷനുമെല്ലാം മുടങ്ങുമെന്നാണ് ധനമന്ത്രി പറയുന്നത്. പ്രതിഷേധം സംസ്ഥാന സർക്കാറിനെതിരെ തിരിക്കുകയാണ് കോൺഗ്രസ്. അധിക നികുതി വേണ്ടെന്ന് വെക്കണമെന്നും അല്ലെങ്കിൽ ഫ്യൂവൽ സബ്സിഡി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

നികുതി കുറക്കില്ലെന്ന രാഷ്ട്രീയ തീരുമാനമെടുക്കുമ്പോഴും സംസ്ഥാനത്തും നികുതി ഭീകരതയാണെന്ന വാദത്തെ നേരിടാൻ സർക്കാർ നന്നായി പരിശ്രേമിക്കേണ്ടിവരും. ഇന്ധന വിലയിൽ വർദ്ധനവ് മൂലം ഏപ്രിൽ, ഓഗസ്റ്റ് കാലയളവിൽ സംസ്ഥാന സർക്കാരിന് അധിക വരുമാനമായി കിട്ടിയത് 201.93 കോടിരൂപയാണ്. പെട്രോളിന് ഒരു രൂപ കൂടുമ്പോൾ 25 പൈസയം ഡീസലിനും ഒരു രൂപ കൂടുമ്പോൾ 20 പൈസയുമാണ് സംസ്ഥാനത്തിന് അധികമായി കിട്ടുന്നത്.

click me!