Fuel price| പെട്രോള്‍, ഡീസല്‍ വില ഇനിയുമുയരും, നികുതി കുറച്ചത് വരുമാനം കൂടിയതിനാല്‍: വിദഗ്ദന്‍

By Web TeamFirst Published Nov 5, 2021, 7:38 PM IST
Highlights

മുമ്പ് പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുത്തനെ വര്‍ധിച്ചു.
 

ദില്ലി: പെട്രോള്‍, ഡീസല്‍ (Petrol, diesel) വില രാജ്യത്ത് വരുന്ന മാസങ്ങളില്‍ കുതിച്ചുയരുമെന്ന് ഊര്‍ജ്ജ വിദഗ്ധരുടെ അഭിപ്രായം. ഉപഭോഗം കൂടിയതുകൊണ്ടാണ് കേന്ദ്രം എക്‌സൈസ് നികുതിയില്‍ ഇളവ് വരുത്തിയതെന്നും ഊര്‍ജ്ജ രംഗത്തെ വിദഗ്ധന്‍ നരേന്ദ്ര തനേജ (Narendra Taneja) അഭിപ്രായപ്പെട്ടു. ഇന്ത്യ ക്രൂഡോയില്‍ (Crude oil) ഇറക്കുമതി ചെയ്യുകയാണെന്ന കാര്യം പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ' പെട്രോളിയം (Petroleum) പ്രധാനപ്പെട്ട ഉല്‍പന്നമാണ്. ഇന്ന് ഇന്ത്യയില്‍ ഉപയോഗിക്കുന്ന 86 ശതമാനവും ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലാണ്. പെട്രോളിനും ഡീസലിനും വില ഏതെങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. 2010 ജൂലൈയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാരും യഥാക്രമം പെട്രോള്‍ ഡീസല്‍ വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടു.'- അദ്ദേഹം പറഞ്ഞു.

'അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയരാനുള്ള പ്രധാനപ്പെട്ട കാരണം കൊവിഡ് വ്യാപനമാണ്. ഇവിടെ ഉപഭോഗവും ലഭ്യതയും രണ്ടുതരത്തില്‍ ആകുമ്പോള്‍ എല്ലായ്‌പ്പോഴും വില വര്‍ധിച്ചിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാരണം, ഇന്ത്യയില്‍ ഈ രംഗത്ത് പുതിയ നിക്ഷേപങ്ങള്‍ വരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സോളാര്‍ പവര്‍ പോലെ ഹരിത ഊര്‍ജ്ജ സെക്ടറുകളില്‍ മാത്രമാണ് പ്രോത്സാഹനം നല്‍കുന്നത്. വരും മാസങ്ങളില്‍ ക്രൂഡോയില്‍ വില കുതിച്ചുയരും.2023 ക്രൂഡോയില്‍ വില ബാരലിന് 100ഡോളര്‍ കടക്കും'- അദ്ദേഹം പറഞ്ഞു.


' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം 40 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ഇപ്പോള്‍ നില മെച്ചപ്പെട്ടു. ഉപഭോഗം വര്‍ധിച്ചു. മുമ്പ് പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കുത്തനെ വര്‍ധിച്ചു.'

'കഴിഞ്ഞ മാസങ്ങളിലെ ചരക്കുസേവന നികുതി വരുമാനത്തിലെ വര്‍ധനവും പ്രധാനമാണ്. രാജ്യത്തെ സാമ്പത്തിക രംഗം അതിവേഗം ശക്തിയാര്‍ജിക്കുന്നു എന്നതിന്റെ തെളിവാണ് ചരക്കുസേവന നികുതി വരുമാനത്തിലെ വര്‍ധനവ്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. നമ്മുടെ സാമ്പത്തികരംഗം ഡീസലിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഡീസലിന് വില ക്രമാതീതമായി ഉയരുന്ന സാഹചര്യം കേന്ദ്രത്തിന് ഒഴിവാക്കേണ്ടതുണ്ട്,'- അദ്ദേഹം വ്യക്തമാക്കി.

പെട്രോള്‍-ഡീസല്‍ വില ചരക്ക് സേവന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് തനേജയുടെ  അഭിപ്രായം. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതിയില്‍ ഇളവ് വരുത്തിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും അതാത് സംസ്ഥാനങ്ങളിലെ മൂല്യവര്‍ധിത നികുതിയില്‍ കുറവ് വരുത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതും ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത നികുതി കുറക്കാന്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ വില കുറയ്ക്കില്ലെന്ന് നിലപാടിലാണ് സിപിഎമ്മും സംസ്ഥാനസര്‍ക്കാരും.

2016 പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ പെട്രോളിന് യോ ഡീസല്‍ ഇന്ത്യയോ സംസ്ഥാന മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സംസ്ഥാന നികുതി കുറക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു.
 

click me!