ഇന്ധന വില കൂട്ടാനൊരുങ്ങി പാക്കിസ്ഥാന്‍, ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ! സാധാരണക്കാര്‍ ദുരിതത്തില്‍

Published : Sep 15, 2025, 03:49 PM IST
Pakistan Petrol Prices

Synopsis

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവില്‍ പാക്കിസ്ഥാനില്‍ പൊതുജനരോഷം ശക്തമാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാനില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ലിറ്ററിന് 4.79 രൂപ വരെ കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി എ.ആര്‍.വൈ. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ധനകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പെട്രോളിയം മന്ത്രാലയം സമര്‍പ്പിക്കുന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കുന്നതോടെ പുതിയ വില നിലവില്‍ വരും പെട്രോളിന് ലിറ്ററിന് 1.54 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.79 രൂപയും മണ്ണെണ്ണയ്ക്ക് 3.06 രൂപയും ലൈറ്റ് ഡീസലിന് 3.68 രൂപയും വര്‍ധിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 264.61 പാക്കിസ്ഥാന്‍ രൂപയാണ് വില. ഡീസലിന് 269.99 രൂപയുമാണ് വില.

കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനവില്‍ പാക്കിസ്ഥാനില്‍ പൊതുജനരോഷം ശക്തമാണ്. ജൂലൈയില്‍ രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാധാരണക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് ജനങ്ങളുടെ പ്രധാന ആരോപണം.

തിരിച്ചടിയായി ഡോളര്‍ ക്ഷാമവും

പാക്കിസ്ഥാനിലുണ്ടായ പ്രളയം രാജ്യത്ത് ഡോളര്‍ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ഇത് രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ഡീലര്‍മാര്‍ പറയുന്നത്. പ്രളയത്തില്‍ നിരവധി ബാങ്കുകളും ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും അടച്ചുപൂട്ടിയതോടെ ഡോളര്‍ ലഭ്യമാകാത്ത സാഹചര്യമാണ്. പാക്കിസ്ഥാനിലെ പ്രമുഖ ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയായ ലിങ്ക് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ഡോളറിന്റെ ക്ഷാമം വര്‍ധിപ്പിക്കാന്‍ കയറ്റുമതിക്കാര്‍ അവരുടെ പണം പിടിച്ചുവെക്കുന്നതും തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ 25 ദിവസമായി തുടര്‍ച്ചയായി മൂല്യം വര്‍ദ്ധിച്ചുകൊണ്ടിരുന്ന പാകിസ്താന്‍ രൂപയുടെ മുന്നേറ്റത്തിന് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന. വിദേശനാണ്യ ശേഖരത്തിലും രൂപയുടെ മൂല്യത്തിലും പ്രളയം കനത്ത ആഘാതമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധന്‍ അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തേക്ക് വേണ്ട ഇറക്കുമതിക്ക് പോലും തികയാത്തത്ര ദുര്‍ബലമായ വിദേശനാണ്യ ശേഖരത്തെ പ്രളയക്കെടുതി കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം