ഈ വർഷം 14000 പേരെ ജോലിക്കെടുക്കും; വിആർഎസ് ചെലവ് ചുരുക്കാനല്ലെന്നും എസ്ബിഐ

By Web TeamFirst Published Sep 8, 2020, 9:55 PM IST
Highlights

വിആർഎസ് നടപ്പാക്കാനുള്ള എസ്ബിഐ മാനേജ്മെന്റ് തീരുമനത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരം രംഗത്ത് വന്നിരുന്നു.

മുംബൈ: ഈ വർഷം 14000 പേരെ പുതുതായി ജോലിക്കെടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി നടപ്പാക്കാൻ പോകുന്ന വിആർഎസ് പ്ലാൻ ചെലവ് ചുരുക്കാനുള്ളതല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

നിലവിലെ 30190 ജീവനക്കാർക്ക് അപേക്ഷിക്കാനാവുന്ന വിആർഎസ് പദ്ധതിയാണ് പ്രഖ്യാപിച്ചത്. എസ്ബിഐ തൊഴിലാളി സൗഹൃദമുള്ള ബാങ്കാണ്. ഇതിന് പുറമെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ശ്രമം. കൂടുതൽ പേരെ ജോലിക്കെടുത്തെ പറ്റൂ. ഈ വർഷം 14000 പേരെ ജോലിക്കെടുക്കുമെന്നും ബാങ്ക് വക്താവ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.

ഇപ്പോൾ എസ്ബിഐയിൽ 2.49 ലക്ഷം ജീവനക്കാരുണ്ട്. ഇവരിൽ 25 വർഷം സർവീസ് ഉള്ളവർക്കും 55 വയസ് പ്രായമായവർക്കും വേണ്ടിയാണ് ബാങ്ക് വിആർഎസ് പ്ലാൻ നടപ്പാക്കുന്നത്. ഇത് ജീവനക്കാർ തന്നെ കൊവിഡ് കാലത്ത് ഉന്നയിച്ച ആവശ്യപ്രകാരമാണെന്ന് ബാങ്ക് പറയുന്നു. 

എന്നാൽ, വിആർഎസ് നടപ്പാക്കാനുള്ള എസ്ബിഐ മാനേജ്മെന്റ് തീരുമനത്തിനെതിരെ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനകാര്യ മന്ത്രിയുമായ പി ചിദംബരം രംഗത്ത് വന്നിരുന്നു. കൊവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ തന്നെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെങ്കിൽ അത് സാധാരണ എംഎസ്എംഇകളെ ഏത് തരത്തിൽ ബാധിക്കുമെന്ന് ചിന്തിക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

click me!