2027 ൽ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? കഫേ 3 ചട്ടങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Published : Oct 02, 2026, 10:53 AM IST
car

Synopsis

ഇന്ത്യയിൽ പുതിയ പാസഞ്ചർ വാഹനങ്ങൾക്കായി കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE-III) മൂന്നാം ഘട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. 2027 മുതൽ 2032 വരെ ബാധകമാകുന്ന ഈ നിയമത്തിലൂടെ വാഹനങ്ങളുടെ ശരാശരി ഇന്ധന ഉപഭോഗം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ദില്ലി: ഇന്ത്യയിൽ നിർമിക്കുകയോ വിൽപന നടത്താനായി ഇറക്കുമതി ചെയ്യുകയോ ചെയ്യുന്ന പുതിയ പാസഞ്ചർ വാഹനങ്ങൾക്ക് കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE-III) മൂന്നാം ഘട്ട ഇന്ധനക്ഷമതാ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ. 2027 ഏപ്രിൽ 1 മുതൽ 2032 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തെ കാലയളവിലേക്കാണ് ഈ മാനദണ്ഡങ്ങൾ ബാധകമാകുന്നത്. വാഹന നിർമാതാക്കൾക്ക് ഘട്ടംഘട്ടമായി ഇന്ധനക്ഷമത കൈവരിക്കുന്നതിനായുള്ള 5 വർഷത്തെ സമയക്രമമാണ് ഇതിലൂടെ സർക്കാർ നൽകിയിരിക്കുന്നത്.

ഒരു വാഹന നിർമാതാവ് വിൽക്കുന്ന മൊത്തം വാഹനങ്ങളുടെ ശരാശരി ഇന്ധന ഉപഭോഗമാണ് (Fleet Average) കഫേ ചട്ടങ്ങളിലൂടെ വിലയിരുത്തുന്നത്. കൂടാതെ, കമ്പനിയുടെ കാറുകളുടെ ശരാശരി ഭാരം കൂടി കണക്കിലെടുത്താണ് നിർദിഷ്ട ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ, ഹാച്ച്ബാക്ക് കാറുകൾക്കും എസ്‌യുവികൾക്കും ഒരേ നിർബന്ധിത മൈലേജ് വേണം എന്ന കടമ്പയില്ല.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബെഞ്ച്മാർക്ക് അനുസരിച്ച്, നിർമാതാക്കളുടെ ശരാശരി ഇന്ധന ഉപഭോഗ പരിധി 2027–28 സാമ്പത്തിക വർഷത്തിൽ 100 കിലോമീറ്ററിന് 3.996 ലിറ്റർ ആയിരുന്നത്, 2031–32 ഓടെ 3.3273 ലിറ്ററായി കുറയ്ക്കണം. ഇത് കേന്ദ്ര മന്ത്രാലയത്തിന്റെ നിയന്ത്രണ ചട്ടക്കൂടിന്റെ ഭാഗമായുള്ള കണക്കുകളാണ്. എന്നാൽ, നിയമം വന്നയുടൻ പുറത്തിറങ്ങുന്ന എന്ന കാറുകളുടെയെല്ലാം ഇന്ധനച്ചെലവ് ഉടനെ തന്നെ 16.7% കുറയണമെന്നില്ല.

വാഹന നിർമാതാക്കൾക്ക് ഈ കർശനമായ നിയമങ്ങൾ മറികടക്കാൻ സാങ്കേതിക മാർഗങ്ങളും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ (EV), റേഞ്ച് എക്സ്റ്റൻഡഡ് ഇവികൾ, പ്ലഗ്- ഇൻ ഹൈബ്രിഡുകൾ, സ്ട്രോങ് ഹൈബ്രിഡുകൾ, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് 'സൂപ്പർ ക്രെഡിറ്റുകൾ' (Super Credits) ലഭിക്കും. ഈ ആനുകൂല്യങ്ങൾ കമ്പനികൾക്ക് അവകാശപ്പെട്ടതാണ്. ഉപഭോക്താക്കൾക്ക് കാർ വാങ്ങുമ്പോൾ നേരിട്ട് ലഭിക്കുന്ന വിലക്കിഴിവല്ല ഇത്.

കൂടാതെ, കാറുകളിൽ ഉപയോഗിക്കാവുന്ന അംഗീകൃത ഇന്ധനസംരക്ഷണ സാങ്കേതികവിദ്യകളുടെ (Fuel-saving technology) പട്ടിക നാലിൽ നിന്ന് പന്ത്രണ്ടായി ഉയർത്തിയിട്ടുമുണ്ട്. സോളാർ റിഫ്ലെക്റ്റീവ് പെയിന്റ്, അഡ്വാൻസ്ഡ് ഗ്ലേസിങ്, കാര്യക്ഷമതയേറിയ എയർകണ്ടീഷണറുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇഎംഐ ഭാരം കൂടുമോ? 2023 ന് ശേഷം ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയോ? യുപിഐ ഇടപാടുകളില്‍ ഇടിവെന്ന് കണക്കുകള്‍