
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ടുള്ള ടെസ്‌ലയുടെ വരവിനു പിന്നാലെ, അവരുടെ മോഡലുകള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പാക്കേജ് അവതരിപ്പിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പോര്‍ട്ടലായ പോളിസിബസാര്‍ രംഗത്ത്. ടെസ്‌ലയുടെ ബുക്കിംഗ് ജൂലൈ 15-ന് ഔദ്യോഗികമായി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ടെസ്ലയുടെ മോഡല്‍ വൈയുടെ വില 59.89 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.
ടെസ്‌ലയുടെ പ്രത്യേകതകള്‍ക്ക് പ്രത്യേക പരിരക്ഷ
ഇലക്ട്രിക് വാഹനങ്ങളുടെ, പ്രത്യേകിച്ച് ടെസ്‌ല പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്ന വാഹനങ്ങളുടെ, ഉയര്‍ന്ന മൂല്യമുള്ള ബാറ്ററികള്‍ക്കും മറ്റ് സാങ്കേതിക ഭാഗങ്ങള്‍ക്കും പ്രത്യേക പരിരക്ഷ നല്‍കുന്നതാണ് പോളിസിബസാര്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍. ബാറ്ററി സംരക്ഷണം, സീറോ ഡിപ്രീസിയേഷന്‍, റോഡ് സൈഡ് അസിസ്റ്റന്‍സ്, കണ്‍സ്യൂമബിള്‍സ്, റിട്ടേണ്‍-ടു-ഇന്‍വോയ്‌സ് കവര്‍ തുടങ്ങിയ ആകര്‍ഷകമായ അഡ്-ഓണുകളും ഈ പ്ലാനുകളില്‍ ലഭ്യമാണ്.
പ്രീമിയം 40,000 രൂപ മുതല്‍ 2.2 ലക്ഷം വരെ
ഏകദേശം 55.95 ലക്ഷം രൂപ ഇന്‍ഷ്വര്‍ ചെയ്ത മൂല്യമുള്ള മോഡല്‍ വൈക്ക്, പ്രതിവര്‍ഷം 40,000 രൂപ മുതല്‍ 2.20 ലക്ഷം രൂപ വരെയാണ് പ്രീമിയം വരുന്നത്.
ടെസ്‌ല ഉടമകളെ ലക്ഷ്യമിട്ട് മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും സമാനമായ പദ്ധതികളുമായി രംഗത്തുണ്ട്. എക്കോ (ACKO) ആണ് ടെസ്‌ലയുടെ ഔദ്യോഗിക ഇന്‍ഷുറന്‍സ് പങ്കാളി. തടസ്സങ്ങളില്ലാത്ത ഡിജിറ്റല്‍ പോളിസി, ക്ലെയിം അനുഭവം എന്നിവയാണ് എക്കോ വാഗ്ദാനം ചെയ്യുന്നത്. ലിബര്‍ട്ടി ജനറല്‍ ഇന്‍ഷുറന്‍സും സ്യൂറിച്ച് കോട്ടക് ജനറല്‍ ഇന്‍ഷുറന്‍സും ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക കവറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകള്‍ ബാറ്ററികള്‍ക്കും ചാര്‍ജറുകള്‍ക്കും പരിരക്ഷ നല്‍കുന്നതിനൊപ്പം, തകരാറുകള്‍ ഉണ്ടാകുമ്പോള്‍ റോഡ് സൈഡ് സഹായം, താമസ സൗകര്യം, യാത്രാസൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു.