Latest Videos

മാസവരുമാനമാണോ ലക്ഷ്യം? പോസ്റ്റ് ഓഫീസ് എംഐഎസ് പദ്ധതി തെരഞ്ഞെടുക്കാം

By Web TeamFirst Published Feb 16, 2023, 7:59 PM IST
Highlights

കുട്ടികളുടെ വിദ്യാഭ്യാസം, വീട് വെയ്ക്കല്‍, വിവാഹം അങ്ങനെ ആവശ്യങ്ങളുടെ പട്ടികയും സാമ്പത്തിക ലക്ഷ്യങ്ങളും പലതാവാം. പ്രതിമാസം നിശ്ചിതവരുമാനം ലഭിക്കുന്ന പദ്ധതി

ജീവിതചെലവുകള്‍ കൂടിയതോടെ മാസവരുമാനം തികയുന്നില്ലെന്ന പരാതിയുള്ളവരാണ് കൂടുതലും. അതുകൊണ്ടുതന്നെ നിക്ഷേപങ്ങളില്‍ നിന്നും പ്രതിമാസവരുമാനം ലഭിക്കുന്ന പദ്ധതികള്‍ക്ക് ഇന്ന് സ്വീകാര്യത കൂടിവരുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം, വീട് വെയ്ക്കല്‍, വിവാഹം അങ്ങനെ ആവശ്യങ്ങളുടെ പട്ടികയും സാമ്പത്തിക ലക്ഷ്യങ്ങളും പലതാവാം. പ്രതിമാസം നിശ്ചിതവരുമാനം ലഭിക്കുന്ന പദ്ധതിയാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍  പോസ്റ്റ് ഓഫീസ് വഴിയുള്ള മാസവരുമാന പദ്ധതി (എംഐഎസ്) മികച്ച ഓപ്ഷനാണ്.

ഇത്തവണത്തെ കേന്ദ്രബജറ്റില്‍ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയതോടെ സ്‌കീമിന്റെ പ്രാധാന്യവും വര്‍ധിച്ചിട്ടുണ്ട്. ജൂലായ് സെപ്തംബര്‍ പാദത്തില്‍ 6.6 ശതമാനമായിരുന്നു പലിശ നിരക്കെങ്കില്‍ ജനുവരി 1 മുതല്‍, 7.1 ശതമാനമാണ് പലിശനിരക്ക്. ഈ സ്‌കീമില്‍ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ മാസം തോറും വരുമാനവും ഉറപ്പാണ്. വിപണിയുടെ ഉയര്‍ച്ച താഴ്ചകള്‍ മാസവരുമാനത്തെ ബാധിക്കുകയുമില്ല. മാത്രമല്ല സര്‍ക്കാര്‍ പദ്ധതിയെന്ന സുരക്ഷിതത്വവും ഉണ്ടാവും.   കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച്കൊണ്ട് തുടങ്ങാവുന്ന പദ്ധതിയാണിത്.

പ്രതിമാസവരുമാന പദ്ധതിയില്‍ വ്യക്തിഗത അക്കൗണ്ടുകളില്‍ ഒന്‍പത് ലക്ഷമാണ് പരമാവധി നിക്ഷേപിക്കാവുന്ന തുക. മുന്‍പ് ഇത് 4.5 ലക്ഷമായിരുന്നു. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. മൂന്ന് പേര്‍ക്ക്  ജോയിന്റ ് അക്കൗണ്ടില്‍ അംഗമാകാം. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കില്‍ നേരിയ നഷ്ടത്തോടെ(രണ്ട് ശതമാനം വരെ) ഒരു വര്‍ഷത്തിനു ശേഷം അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിക്കാവുന്ന ഓപ്ഷനുമുണ്ട്.

നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തില്‍ നിശ്ചിത പലിശ മാസവരുമാനമായി നിങ്ങളുടെ കൈകളിലെത്തും. ഇസിഎസ് വഴി ഉള്‍പ്പെടെ പലിശ പിന്‍വലിക്കാം. സേവിംഗ്സ് അക്കൗണ്ടിലേക്ക് പലിശ ഓട്ടോ ക്രെഡിറ്റ് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച കാലാവധി കഴിയും വരെ പലിശ ലഭിക്കും.

സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദങ്ങളിലുമായി കേന്ദ്രസര്‍ക്കാരാണ് പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കുന്നത്. അതത് സാമ്പത്തിക കാലയളവില്‍ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം അടിസ്ഥാമാക്കിയാണ് ഓരോ പാദത്തലും പലിശനിരക്ക് നിശ്ചയിക്കുന്നത്.

click me!