All India bank strike : ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും, രാജ്യത്ത് ബാങ്ക് പണിമുടക്ക് തുടങ്ങി

By Web TeamFirst Published Dec 16, 2021, 8:45 AM IST
Highlights

പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് ശാഖകള്‍ വഴിയുള്ള  ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

കൊച്ചി: ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ച നിലയിലാണ്. 

പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ജീവനക്കാരുടെ സമരം സാരമായി തന്നെ ബാധിക്കും. ഞായറും അവധിയായതിനാല്‍ തുടര്‍ച്ചയായ നാല് ദിവസത്തിൽ മൂന്ന് ദിവസവും പൊതുമേഖലാ ബാങ്കുകൾ അടഞ്ഞുകിടക്കും. ബാങ്ക് ശാഖകള്‍ വഴിയുള്ള  ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ലെന്നാണ് വിലയിരുത്തൽ. എടിഎമ്മുകളും പ്രവര്‍ത്തിക്കും. പൊതുമേഖലാ ബാങ്കുകളിലെ വിവിധ സംഘടനകളുടെ ഭാഗമായ 10 ലക്ഷം ജീവനക്കാരാണ് രാജ്യവ്യാപക പണിമുടക്കിൽ പങ്കെടുക്കുന്നത്. 

click me!