
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ആർ എസ് സോധി പടിയിറങ്ങി. 'അമുൽ' എന്ന ബ്രാൻഡ് നാമത്തിലൂടെ അറിയപ്പെടുന്ന ജിസിഎംഎംഎഫിനെ ഇനി നയിക്കുക സിഒഒ ജയൻ മേത്തയായിരിക്കും. താത്കാലിക ചുമതല മാത്രമാണ് മേത്തയ്ക്ക് നൽകിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
അമുൽ ബ്രാൻഡ് നടത്തുന്ന കർഷകരുടെ സഹകരണ സംഘമായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) ബോർഡ് യോഗത്തിലാണ് സോധിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. സോധിയുടെ രാജി ഗാന്ധിനഗർ മധുര് ഡയറി ചെയർമാൻ ശങ്കര് സിംഗ് റാണ സ്ഥിരീകരിച്ചു. മേത്തയെ താൽക്കാലികമായി സ്ഥാനമേലിപ്പിക്കുന്നു എന്നുണ്ടെങ്കിലും, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ എംഡിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
2010 ജൂൺ മുതൽ ക്ഷീരമേഖലയിലെ സഹകരണ ഭീമന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു സോധി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ആനന്ദിൽ (IRMA) നിന്ന് എംബിഎ പൂർത്തിയാക്കിയ സോധി അമുലിൽ സെയിൽസ് സീനിയർ മാനേജരായാണ് കരിയർ ആരംഭിച്ചത്. 1982-ൽ സീനിയർ സെയിൽസ് ഓഫീസറായി അമുലിൽ ചേർന്നു. 2000-2004 വരെ അദ്ദേഹം അതിന്റെ ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു, ഇന്ത്യൻ ഡയറി അസോസിയേഷന്റെ പ്രസിഡന്റുമാണ് ആർ എസ് സോധി.
അമുലിനെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എംഎസ്സിഎസ്) രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി അമിത് ഷാ 2022 ഒക്ടോബറിൽ പറഞ്ഞു.
കഴിഞ്ഞ 31 വർഷമായി അമുലുമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ജയൻ മേത്ത. നിലവിൽ അമുലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് അദ്ദേഹം. നേരത്തെ, കമ്പനിയുടെ ബ്രാൻഡ് മാനേജർ, ഗ്രൂപ്പ് പ്രൊഡക്റ്റ് മാനേജർ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.