
ദില്ലി: അദാനി ഗ്രൂപ്പും ഹിൻഡൻബർഗ് റിസർച്ചും തമ്മിലുള്ള പോരാട്ടം മുറുകുമ്പോൾ, കഥ ഇപ്പോൾ 2023 ലെ പാർലമെന്ററി ബജറ്റ് സമ്മേളനത്തിലേക്ക് എത്തിയിരിക്കുകയാണ് , കേന്ദ്ര സർക്കാരും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ നിരത്തുന്നു. 2023ലെ ബജറ്റ് സമ്മേളനത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിഷയം ഉന്നയിച്ചു. താൻ നടത്തിയ ഭാരത് ജോഡോ യാത്രയിലുടനീളം കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരു വ്യവസായിയുടെ പേര് മാത്രമേ കേട്ടിട്ടുള്ളു എന്നാണ് രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പറഞ്ഞുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത്.
തമിഴ്‌നാട്, കേരളം മുതൽ ഹിമാചൽ പ്രദേശ് വരെ ഞങ്ങൾ എല്ലായിടത്തും 'അദാനി' എന്നാണ് കേൾക്കുന്നത് അദാനി ഏത് ബിസിനസ്സിലും എളുപ്പം പ്രവേശിക്കുന്നു, ഒരിക്കലും ഒന്നിലും പരാജയപ്പെടാതെ മുന്നോട്ട് പോകുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി മോദി ബന്ധങ്ങൾ ആരംഭിക്കുന്നത്. ഗൗതം അദാനി പ്രധാനമന്ത്രി മോദിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്നു, പ്രധാനമന്ത്രിയുടെ വിശ്വസ്തനായ സേവകനായി, പുനരുത്ഥാന ഗുജറാത്ത് എന്ന ആശയം നിർമ്മിക്കാൻ മോദിയെ സഹായിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയായി ദില്ലിയിലെത്തിയതോടെയാണ് യഥാർത്ഥ 'മാജിക്ക്' തുടങ്ങിയത് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിന്നു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും അനുകൂലമായി നിരവധി നിയമങ്ങളിൽ മാറ്റം വരുത്തിയെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നു. മുമ്പ് വിമാനത്താവളങ്ങള്‍ നടത്തി മുൻ പരിചയമില്ലാത്ത ആളുകളെ വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ഈ നിയമം മാറ്റി അദാനിക്ക് ആറ് വിമാനത്താവളങ്ങൾ നൽകിഎന്നും രാഹുൽ ചൂണ്ടികാണിക്കുന്നു. അതിനുശേഷം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ വിമാനത്താവളമായ 'മുംബൈ എയർപോട്ട്' ജിവികെയിൽ നിന്ന് സിബിഐ, ഇഡി തുടങ്ങിയ ഏജൻസികൾ ഉപയോഗിച്ച് 'ഹൈജാക്ക്' ചെയ്യുകയും ഇന്ത്യാ ഗവൺമെന്റ് അത് അദാനിക്ക് നൽകുകയും ചെയ്തതായി രാഹുൽ ഗാന്ധി ആരോപിച്ചു.