മുതിർന്ന പൗരന്മാർക്ക് ഇളവുകൾ പുനഃസ്ഥാപിക്കാമെന്ന് റെയിൽവേ; പ്രായപരിധി ഇതായിരിക്കും

By Web TeamFirst Published Jul 27, 2022, 5:07 PM IST
Highlights

മുതിർന്ന പൗരന്മാർക്ക് ഇളവുകൾ തിരികെ നൽകാമെന്ന് റെയിൽവേ. പക്ഷെ ഇളവുകൾക്കുള്ള പ്രായപരിധി പഴയതായിരിക്കില്ല 
 

ദില്ലി: വിവിധ കോണുകളിൽ നിന്നുയർന്ന വിമർശനങ്ങൾക്കൊടുവിൽ മുതിർന്ന പൗരൻമാരുടെ ഇളവുകൾ പുനഃസ്ഥാപിക്കാൻ റെയിൽവേ. ജനറൽ, സ്ലീപ്പർ ക്ലാസ്സുകളിൽ മാത്രമായിരിക്കും മുതിർന്ന പൗരന്മാർക്ക് ഇളവുകൾ നൽകുക എന്നാണ് റിപ്പോർട്ട് 

കൊവിഡ് മഹാമാരിക്ക് ശേഷമാണ് റെയിൽവേ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയത്. നേരത്തെ സ്ത്രീകളുടെ പ്രായം 58 നും പുരുഷൻമാരുടെ പ്രായം 60 നും മുകളിലാകണമായിരുന്നു. എന്നാൽ ഇളവുകൾ പുനഃസ്ഥാപിക്കുമ്പോൾ പ്രായപരിധിയിൽ മാറ്റം വരുത്തും എന്ന് റെയിൽവേ അറിയിച്ചു. 

70 വയസ്സിന് മുകളിലുള്ളവർക്ക് ആയിരിക്കും ഇളവുകൾ ലഭിക്കുക എന്നാണ് റിപ്പോർട്ട്. ഇളവുകൾ പൂർണമായി ഒഴിവാക്കില്ല എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാരുടെ ഇളവിനുള്ള പ്രായപരിധിയിൽ മാറ്റം വരുത്തി 70 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി നൽകുന്ന  കാര്യം റെയിൽവേ ബോർഡ് പരിഗണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. ഇത് ബാധ്യത കുറയ്ക്കാൻ ഉപകരിക്കുമെന്ന് അവർ വ്യക്തമാക്കി.

Read Also: 28,732 കോടിയുടെ ആയുധ സംഭരണം; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനം ഇളവും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും എല്ലാ ക്ലാസുകളിലും 40 ശതമാനം കിഴിവ് ലഭിക്കും. ഇളവുകൾ നോൺ എസി യാത്രയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നതാണ് റെയിൽവേയുടെ പരിഗണനയിലുള്ള മറ്റൊരു വ്യവസ്ഥ.

 എല്ലാ ട്രെയിനുകളിലും 'പ്രീമിയം തത്കാൽ' പദ്ധതി അവതരിപ്പിക്കുക എന്നതാണ് റെയിൽവേ പരിഗണിക്കുന്ന മറ്റൊരു ഓപ്ഷൻ. ഇളവുകളുടെ ഭാരം നികത്താൻ കഴിയുന്ന രീതിയിൽ വരുമാനം ഉണ്ടാക്കാൻ ഇത് സഹായിക്കും. നിലവിൽ 80 ട്രെയിനുകളിൽ ഈ പദ്ധതി ബാധകമാണ്.

Read Also: 5ജി സ്പെക്‌ട്രം ലേലം രണ്ടാം ദിനം: അഞ്ചാം റൗണ്ടിൽ ജിയോ മുന്നേറുന്നു

പ്രീമിയം തത്കാൽ സ്കീം എന്നത് റെയിൽവേ അവതരിപ്പിച്ച ഒരു ക്വാട്ടയാണ്. യാത്ര ചെയ്യേണ്ട മണിക്കൂറുകൾക്ക് മുൻപ് ഉയർന്ന പണം നൽകി ടിക്കെട്ടുകൾ സ്വന്തമാക്കാം. തത്കാൽ നിരക്കിൽ അടിസ്ഥാന ട്രെയിൻ നിരക്കും അധിക തത്കാൽ നിരക്കുകളും ഉൾപ്പെടുന്നു.

വിവിധ തരത്തിലുള്ള യാത്രക്കാർക്ക് നൽകുന്ന 50-ലധികം തരത്തിലുള്ള ഇളവുകൾ കാരണം റെയിൽവേയ്ക്ക് പ്രതിവർഷം ഏകദേശം 2,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. നൽകുന്ന മൊത്തം കിഴിവിന്റെ 80 ശതമാനത്തോളം വരും മുതിർന്ന പൗരൻമാരുടെ ഇളവ്

click me!