ചരക്ക് ഗതാഗതത്തിന് ഇനി ഓൺലൈൻ രജിസ്ട്രേഷൻ മാത്രം: റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം

By Web TeamFirst Published Sep 27, 2022, 9:15 PM IST
Highlights

സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതർ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല.

ദില്ലി: പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗതത്തിനുള്ള രജിസ്ട്രേഷൻ ഇനിമുതൽ ഓൺലൈൻ വഴി മാത്രമാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ശുപാർശ ചെയ്തു. നവംബർ ഒന്നുമുതൽ ആണ് പുതിയ നിർദ്ദേശം നടപ്പിലാക്കുക. സൈന്യത്തിന്റെ സാധനങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചരക്ക് ഗതാഗതവും അധികൃതർ തീരുമാനിക്കുന്ന മറ്റു സാഹചര്യങ്ങളിലും ഓൺലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല.

ഈ ഉത്തരവ് നടപ്പിലാകുന്നതോടെ ചരക്ക് ഗതാഗതത്തിനായി റെയിൽവേ ക്ലർക്കുമാരെ നേരിട്ട് ബന്ധപ്പെട്ട് വാഗണുകൾ ബുക്ക് ചെയ്യുന്ന പതിവ് അവസാനിക്കും. പുതിയ ഉത്തരവ് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 പലപ്പോഴും രജിസ്ട്രേഷൻ നടപടികൾക്ക് എടുക്കുന്ന കാലതാമസം, തിരക്കേറിയ പലയിടത്തും ലോഡിങ് വൈകാൻ കാരണമാകുന്നുണ്ട്. ഓൺലൈൻ സംവിധാനം നടപ്പിലാകുന്നതോടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാവും. പാർക്കിംഗ് ലോട്ട് ഓപ്പറേഷൻസ്, പാഴ്സൽ സ്പേസ്, കൊമേഴ്സ്യൽ പബ്ലിസിറ്റി തുടങ്ങിയ നോൺ-ഫെയർ റവന്യൂ കരാറുകൾക്ക് അപേക്ഷിക്കുന്നതിനും നൽകുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും അടുത്തിടെ റെയില്‍വേ മന്ത്രാലയം ഡിജിറ്റൈസ് ചെയ്തിരുന്നു.  
 

click me!