സ്വിഗ്ഗി, ബ്ലിങ്കിറ്റ്, റാപ്പിഡോ... ഇന്ത്യക്കാർ ഏറ്റവും കൂടുൽ ഉപയോഗിക്കുന്ന ആപ്പ് ഏത്? 8.2 കോടി ആക്ടീവ് യൂസർമാരുമായി റാപ്പിഡോ മുന്നിൽ

Published : Aug 10, 2026, 12:25 PM IST
Swiggy, Blinkit, Rapido

Synopsis

മാർച്ച്- മെയ് കാലയളവിൽ ഊബർ, ഓല, സൊമാറ്റോ തുടങ്ങിയ വമ്പന്മാരെ പിന്തള്ളി റാപ്പിഡോ ഇന്ത്യയിലെ ഒന്നാം നമ്പർ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമായതായി സെൻസർ ടവർ റിപ്പോർട്ട്. ഡ്രൈവർമാർക്കുള്ള സബ്‌സ്‌ക്രിപ്ഷൻ മോഡലാണ് ഈ വലിയ നേട്ടത്തിന് പിന്നിൽ. ഈ തന്ത്രം കമ്പനിക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് നേടിക്കൊടുത്തത്.

ബെംഗളൂരു: ഊബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ പ്രമുഖ വമ്പൻ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാർച്ച്- മെയ് കാലഘട്ടത്തിൽ ഇന്ത്യയിലെ കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തിയിരിക്കുകയാണ് റാപ്പിഡോ. ഡിജിറ്റൽ ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവറാണ് (Sensor Tower) ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്. മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കൾ (Monthly Active Users - MAUs) ഉണ്ടായിരുന്നുവെന്നാണ് കണക്ക്. മുൻവർഷത്തെ അപേക്ഷിച്ച് 67 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. ബ്ലിങ്കിറ്റ്: 7.9 കോടി, സ്വിഗ്ഗി: 6.7 കോടി, സൊമാറ്റോ: 6.3 കോടി, സെപ്റ്റോ: 5.8 കോടി, ഉബർ: 3.9 കോടി, ഒല: 2.7 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ആക്ടീവ് യൂസർമാരുടെ എണ്ണം.

മാർച്ച് മാസത്തിൽ മാത്രം പ്രതിദിനം ശരാശരി 65 ലക്ഷം റൈഡുകളാണ് റാപ്പിഡോ വഴി ബുക്ക് ചെയ്തത്. അതേസമയം ഊബറിൽ 37 ലക്ഷവും ലയിൽ 15 ലക്ഷവും റൈഡുകൾ മാത്രമാണ് നടക്കുന്നത്. കൂടാതെ, ജനുവരി- മാർച്ച് പാദത്തിൽ റാപ്പിഡോയുടെ പ്രതിമാസ ട്രാന്സാക്ടിങ് ഉപഭോക്താക്കൾ (MTUs) 3.6 കോടിയിലെത്തി. ബ്ലിങ്കിറ്റ് (2.7 കോടി), സൊമാറ്റോ (2.5 കോടി), സ്വിഗ്ഗി (2.5 കോടി) എന്നിവയേക്കാൾ വളരെ മുന്നിലാണ് റാപ്പിഡോ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റാപ്പിഡോ ബിസിനസ് മോഡൽ

ഊബറും ലയും ഡ്രൈവർമാരിൽ നിന്ന് 20 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുമ്പോൾ, റാപ്പിഡോ അവതരിപ്പിച്ചത് സബ്‌സ്‌ക്രിപ്ഷൻ മോഡലാണ്. ഡ്രൈവർമാർ (ക്യാപ്റ്റന്മാർ) നിശ്ചിത സബ്‌സ്‌ക്രിപ്ഷൻ തുക പ്ലാറ്റ്‌ഫോമിന് നൽകിയാൽ റൈഡിൽ നിന്നുള്ള മുഴുവൻ വരുമാനവും അവർക്ക് തന്നെ ലഭിക്കും. ഇത് ഡ്രൈവർമാരെ റാപ്പിഡോ പ്ലാറ്റ്‌ഫോമിൽ തന്നെ നിലനിർത്താനും സേവന നിരക്കുകൾ കുറയ്ക്കാനും സഹായിച്ചു. ഈ മോഡൽ വിജയം കണ്ടതോടെ ഉബറും ലയും സബ്‌സ്‌ക്രിപ്ഷൻ രീതികളിലേക്ക് മാറാൻ നിർബന്ധിതരായിട്ടുണ്ട്.

2015-ൽ ഓട്ടോ, ടു-വീലർ സർവീസുകളുമായി തുടങ്ങിയ കമ്പനി 2023-ൽ ക്യാബ് സർവീസുകളും ആരംഭിച്ചു. പഞ്ചാബ്, പട്ന, സിലിഗുരി തുടങ്ങിയ നഗരങ്ങളിൽ ഇ-റിക്ഷാ സേവനങ്ങളും നൽകുന്നുണ്ട്. കൂടാതെ, സബ്‌സിഡിയറി കമ്പനികളിലൂടെ മറ്റ് പ്രധാന മേഖലകളിലേക്കും റാപ്പിഡോ സാന്നിധ്യം വ്യാപിപ്പിച്ചു. ദിനംപ്രതി ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നവർക്കായി കാർ-പൂളിങ് സേവനവും റാപ്പിഡോ നൽകുന്നുണ്ട്.

പ്രോസസ് (Prosus), ആക്സൽ (Accel), വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റൽ (WestBridge Capital) എന്നിവരുടെ നേതൃത്വത്തിൽ മേയ് മാസത്തിൽ നടന്ന 240 മില്യൺ ഡോളറിന്റെ ഫണ്ടിങ് റൗണ്ടോടെ റാപ്പിഡോയുടെ ആകെ സമാഹരണം 798 മില്യൺ ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളറായി (ഏകദേശം ₹25,000 കോടി രൂപ) ഉയർന്നു.

PREV
Read more Articles on
click me!

Recommended Stories

മെറ്റയ്ക്ക് കേന്ദ്ര സർക്കാരിന്റെ നിർദേശം; 'ഉടൻ നടപടി വേണം', അൽഗോരിതം മാറ്റണമെന്നും ആവശ്യം
ഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്