
ദില്ലി: രാജ്യത്തെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) ഇറക്കുമതി മേഖലയിൽ വൻ മാറ്റം. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ പാചകവാതക വിതരണക്കാരായി അമേരിക്ക മാറിയെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. മുൻപ് പ്രതീക്ഷിച്ചതിനേക്കാൾ വളരെ ഉയർന്ന തോതിലാണ് ഇപ്പോൾ അമേരിക്കയിൽ നിന്ന് ഇന്ത്യ എൽ.പി.ജി ഇറക്കുമതി ചെയ്യുന്നത്. ഈ വർഷം തുടക്കത്തിൽ ഇന്ത്യയുടെ ആകെ എൽ.പി.ജി ആവശ്യകതയുടെ 10 ശതമാനം മാത്രമാണ് യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടായെന്നും ഇത് 67 ശതമാനം ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയോട് ഭൂമിശാസ്ത്രപരമായി അടുത്ത് കിടക്കുന്ന മറ്റു രാജ്യങ്ങളിൽ നിന്ന് എൽ.പി.ജി ലഭ്യമായിരിക്കെ ഇത്രയും ദൂരെയുള്ള അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ടോ എന്ന തരത്തിൽ ആരംഭത്തിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു.
അതേ സമയം, അമേരിക്കന്‍ സെനറ്റ് 'ലിന്‍ഡ്‌സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആക്ട്' എന്ന പുതിയൊരു ബില്‍ പാസാക്കിയതോടെ ഇന്ത്യയുടെ കയറ്റുമതി മേഖല വീണ്ടും കടുത്ത ആശങ്കയിലായിരിക്കുകയാണ്. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്ക്, അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ 100 ശതമാനം വരെ നികുതി ചുമത്താന്‍ വഴിയൊരുക്കുന്നതാണ് ഈ ബില്‍.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍, ഈ നിയമം പ്രാബല്യത്തില്‍ വന്ന ശേഷവും അത് തുടരുകയാണെങ്കില്‍ ആ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം വരെ ഇറക്കുമതി നികുതി ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. കൂടാതെ, ഉപരോധം മറികടക്കാന്‍ റഷ്യയ്ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളെയും ഈ ബില്‍ ലക്ഷ്യം വെക്കുന്നുണ്ട്.