
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (eserve Bank of India ) വീണ്ടും കമ്പനികൾക്കെതിരെ പിഴ ശിക്ഷ വിധിച്ചു. ഒരു കോടി രൂപ വീതമാണ് മൊബി ക്വിക്, സ്പൈസ് മണി എന്നിവയ്ക്ക് എതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് 2007 ലെ സെക്ഷൻ 30 പ്രകാരമാണ് നടപടി.
പിഎസ്എസ് ആക്ടിലെ 26(6) സെക്ഷൻ പ്രകാരം തെറ്റ് ചെയ്യുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ പിഴ ശിക്ഷ വിധിക്കാവുന്നതാണ്. സെക്ഷൻ 30 പ്രകാരം റിസർവ് ബാങ്കിന് പിഴ ശിക്ഷ വിധിക്കാൻ അനുമതിയുണ്ട്.
അടുത്ത 30 ദിവസത്തിനുള്ളിൽ കമ്പനികൾ പിഴ പൂർണമായും അടയ്ക്കണം. ഭാരത് ബിൽ പേമെന്റ് ഓപറേറ്റിങ് യൂണിറ്റുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നൽകിയിരുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നതാണ് മൊബിക്വികിനെതിരായ പരാതി.
ഇരു കമ്പനികളും നൽകിയ വിശദീകരണങ്ങൾ കേട്ട ശേഷമാണ് റിസർവ് ബാങ്കിന്റെ നടപടി. കമ്പനികളുടെ പ്രതിനിധികളുടെ മൊഴികളെടുത്ത ശേഷവും കമ്പനികളുടെ ഭാഗത്ത് ചട്ടലംഘനം ഉണ്ടായെന്നാണ് ആർബിഐ സമിതി കണ്ടെത്തിയത്.