അപ്രതീക്ഷിത നീക്കം! ഡോളറിനെ തളക്കാന്‍ ആര്‍ബിഐയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'; തകര്‍ച്ചയില്‍ നിന്ന് കരകയറി രൂപ!

Published : Mar 30, 2026, 10:41 AM IST
indian rupee

Synopsis

റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി റെക്കോർഡ് തകർച്ച നേരിട്ട രൂപ. ബാങ്കുകൾക്ക് കൈവശം വെക്കാവുന്ന ഡോളറിന്റെ അളവിന് പരിധി നിശ്ചയിച്ചതാണ് രൂപയുടെ മൂല്യം ഒറ്റയടിക്ക് ഉയരാൻ കാരണമായത്. ഈ നീക്കം വിപണിയിലെ ഊഹക്കച്ചവടം തടയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

റെക്കോര്‍ഡ് തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരവ് നടത്തി രൂപ. വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയ രൂപ, റിസര്‍വ് ബാങ്കിന്റെ അപ്രതീക്ഷിതവും കര്‍ശനവുമായ ഇടപെടലിനെത്തുടര്‍ന്ന് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ വന്‍ മുന്നേറ്റം കാഴ്ചവെച്ചു. ഇന്ന് വിപണി തുറന്നപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തോളം ഉയര്‍ന്ന് 93.85 എന്ന നിലയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച 94.84 എന്ന എക്കാലത്തെയും മോശം നിരക്കിലായിരുന്നു രൂപയുടെ വ്യാപാരം അവസാനിച്ചിരുന്നത്. അവിടെ നിന്നാണ് ഒറ്റയടിക്ക് ഒരു രൂപയോളമുള്ള ഈ വര്‍ധന.

ആര്‍ബിഐയുടെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'

വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി, ഓരോ പ്രവൃത്തി ദിവസവും അവസാനിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കൈവശം വെക്കാവുന്ന നെറ്റ് ഓപ്പണ്‍ പൊസിഷന്‍ 100 ദശലക്ഷം ഡോളറായി റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. ഏപ്രില്‍ 10-നകം എല്ലാ ബാങ്കുകളും ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് വിദേശ നാണയ വിപണിയില്‍ വലിയ തോതില്‍ ഡോളര്‍ ശേഖരിച്ചുവെക്കുന്നതിനും ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നതിനും ഈ നിയന്ത്രണം തടസ്സമാകും. ഇതോടെ കൈവശമുള്ള അധിക ഡോളര്‍ വിപണിയില്‍ വിറ്റഴിക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. ഡോളര്‍ ലഭ്യത കൂടിയതോടെ രൂപയുടെ മൂല്യം പെട്ടെന്ന് ഉയരുകയും ചെയ്തു. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

എന്താണ് 'ഓപ്പണ്‍ പൊസിഷന്‍'?

ഒരു ബാങ്ക് ഒരു നിശ്ചിത കറന്‍സി (ഉദാഹരണത്തിന് ഡോളര്‍) വാങ്ങുകയോ വില്‍ക്കുകയോ ചെയ്തു എന്ന് കരുതുക. എന്നാല്‍ ആ ഇടപാട് പൂര്‍ത്തിയാക്കാന്‍ മറ്റൊരു വിപരീത ഇടപാട് (അതായത് വാങ്ങിയതാണെങ്കില്‍ വില്‍ക്കുക, വിറ്റതാണെങ്കില്‍ തിരികെ വാങ്ങുക) നടത്താതിരുന്നാല്‍ അതിനെ 'ഓപ്പണ്‍ പൊസിഷന്‍' എന്ന് വിളിക്കുന്നു.

ലോങ്ങ് പൊസിഷന്‍: വിറ്റതിനേക്കാള്‍ കൂടുതല്‍ കറന്‍സി വാങ്ങി വെച്ചിട്ടുണ്ടെങ്കില്‍.

ഷോര്‍ട്ട് പൊസിഷന്‍: വാങ്ങിയതിനേക്കാള്‍ കൂടുതല്‍ കറന്‍സി വിറ്റിട്ടുണ്ടെങ്കില്‍.

'നെറ്റ്' ഓപ്പണ്‍ പൊസിഷന്‍

ബാങ്കുകള്‍ ഒരു ദിവസം നൂറുകണക്കിന് ഇടപാടുകള്‍ നടത്താറുണ്ട്. ദിവസാവസാനം അവര്‍ വാങ്ങിയ മൊത്തം കറന്‍സിയും വിറ്റ മൊത്തം കറന്‍സിയും തമ്മിലുള്ള ബാലന്‍സിനെയാണ് 'നെറ്റ് ഓപ്പണ്‍ പൊസിഷന്‍' എന്ന് പറയുന്നത്.

'100 ദശലക്ഷം ഡോളര്‍' പരിധി എന്നാല്‍ എന്ത്?

റിസര്‍വ് ബാങ്ക് ഈ പരിധി നിശ്ചയിക്കുമ്പോള്‍, ഒരു ബാങ്കിന് ദിവസാവസാനം പരമാവധി 100 ദശലക്ഷം ഡോളര്‍ മൂല്യമുള്ള രൂപയുടെ 'ഓപ്പണ്‍' ഇടപാടുകള്‍ മാത്രമേ കൈവശം വെക്കാന്‍ അനുവാദമുള്ളൂ. അതായത് ബാങ്കിന്റെ പക്കല്‍ അധികമായി ഉള്ള ഡോളറോ അല്ലെങ്കില്‍ അവര്‍ വില്‍ക്കാന്‍ ബാക്കിയുള്ള ഡോളറോ ഈ പരിധിയില്‍ കൂടുതല്‍ ആകാന്‍ പാടില്ല. പരിധിയില്‍ കൂടുതല്‍ തുക കൈവശമുണ്ടെങ്കില്‍, ബാങ്കുകള്‍ അത് വിപണിയില്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്ത് ബാലന്‍സ് ചെയ്യേണ്ടി വരും.

PREV
Read more Articles on
click me!

Recommended Stories

സ്വപ്രയത്നം കൊണ്ട് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത അതികായൻ; റേമണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വിജയ്‌പത് സിംഘാനിയ അന്തരിച്ചു
യുദ്ധമുണ്ടായിട്ടും ഈ കൺഫ്യൂഷൻ അടിപ്പിച്ച് സ്വർണവിലയിലെ ഈ ട്രൻ്റ്! സ്വാധീനിക്കുന്ന കാരണങ്ങൾ പലത്