സകല വഴിയും തേടി ആർബിഐ, ലക്ഷ്യം രൂപയുടെ തകര്‍ച്ച തടയുക; പലിശ നിരക്കിൽ മാറ്റം വരുമോ?

Published : May 21, 2026, 02:04 PM IST
RBI

Synopsis

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍, ഇതിനെ പ്രതിരോധിക്കാന്‍ റിസര്‍വ് ബാങ്ക് സജീവമായി ഇടപെടുന്നു. പലിശ നിരക്ക് വര്‍ധിപ്പിക്കുക, പ്രവാസി നിക്ഷേപം ആകര്‍ഷിക്കുക, കറന്‍സി സ്വാപ്പുകള്‍ നടത്തുക തുടങ്ങിയ നിര്‍ണായക നടപടികള്‍ ആര്‍ബിഐയുടെ പരിഗണനയിലുണ്ട്. 

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍, രൂപയെ പിടിച്ചുനിര്‍ത്താന്‍ ലഭ്യമായ എല്ലാ വഴികളും തേടി റിസര്‍വ് ബാങ്ക്. പലിശ നിരക്ക് വര്‍ധിപ്പിക്കുക, കറന്‍സി സ്വാപ്പുകള്‍ വ്യാപിപ്പിക്കുക, വിദേശ നിക്ഷേപകരില്‍ നിന്നും പ്രവാസി ഇന്ത്യക്കാരില്‍ നിന്നും കൂടുതല്‍ ഡോളര്‍ ആകര്‍ഷിക്കുക തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ ആര്‍ബിഐയുടെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 97-ന് അടുത്തെത്തിയിരുന്നു. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, രൂപയുടെ തകര്‍ച്ച എത്രയും വേഗം തടയുക എന്നതാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ഇതിനായി എന്ത് നടപടിയെടുക്കാനും ബാങ്ക് തയ്യാറാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പലിശ നിരക്ക് ഉടന്‍ കൂട്ടിയേക്കും

പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. നിലവില്‍ 5.25 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്). ജൂണ്‍ 3 മുതല്‍ 5 വരെയാണ് ആര്‍ബിഐയുടെ പണനയ സമിതിയുടെ അടുത്ത യോഗം നടക്കേണ്ടത്. എന്നാല്‍ 2022 മേയ് മാസത്തില്‍ ചെയ്തതുപോലെ, യോഗത്തിന് കാത്തുനില്‍ക്കാതെ അടിയന്തരമായി പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനാല്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്‍കൂട്ടി കാണുന്നുണ്ട്.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പലിശ നിരക്കുകളിലെ വ്യത്യാസം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. കടമെടുപ്പ് നിരക്കുകള്‍ ഉയര്‍ത്തിയാല്‍ അത് കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവര്‍ പിന്‍വലിച്ച 1900 കോടി ഡോളര്‍ എന്ന റെക്കോര്‍ഡ് തുക ഈ വര്‍ഷം ഇതിനോടകം തന്നെ മറികടന്നിട്ടുണ്ട്.

പ്രവാസികളില്‍ പ്രതീക്ഷ; ലക്ഷ്യം 5000 കോടി ഡോളര്‍

വിദേശത്തുനിന്ന് ഡോളര്‍ സമാഹരിക്കുന്നതിന്റെ ഭാഗമായി പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക ബാങ്ക് നിക്ഷേപ പദ്ധതികള്‍ കൊണ്ടുവരാനും ആര്‍ബിഐ ആലോചിക്കുന്നുണ്ട്. 2013-ല്‍ സമാനമായ രീതിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അന്ന് ഏകദേശം 3000 കോടി ഡോളറാണ് സമാഹരിച്ചതെങ്കില്‍, ഇത്തവണ പുതിയ പദ്ധതികളിലൂടെ 5000 കോടി ഡോളറെങ്കിലും സമാഹരിക്കാനാകുമെന്നാണ് ആര്‍ബിഐയുടെ കണക്കുകൂട്ടല്‍. ഇതിനുപുറമെ സര്‍ക്കാരിന്റെ തീരുമാനപ്രകാരം വിദേശ വിപണിയില്‍ സോവറിന്‍ ഡോളര്‍ ബോണ്ടുകള്‍ ഇറക്കാനും പദ്ധതിയുണ്ട്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഭദ്രം

രൂപയുടെ മൂല്യം പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഇടിയുന്നത്. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയും ബാങ്കിംഗ് സംവിധാനവും വളരെ ശക്തമാണെന്നും, ഈ കരുത്ത് വിനിമയ നിരക്കില്‍ വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നുമാണ് വിലയിരുത്തല്‍. ഇതിനിടെ, ബാങ്കിംഗ് മേഖലയില്‍ പണലഭ്യത ഉറപ്പാക്കാനും ഡോളര്‍ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനുമായി ബുധനാഴ്ച ആര്‍ബിഐ 500 കോടി ഡോളറിന്റെ കറന്‍സി സ്വാപ്പ് ലേലം പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ ലേലങ്ങള്‍ നടന്നേക്കാമെന്നും വിവരമുണ്ട്. വാര്‍ത്തകളോട് പ്രതികരിക്കാന്‍ ആര്‍ബിഐ ഇതുവരെ ഔദ്യോഗികമായി തയ്യാറായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഈ വർഷം മാത്രം ജോലി നഷ്ടമായത് ഒരുലക്ഷത്തിലേറെ ടെക്കികൾക്ക്, എച്ച് 1 ബി വിസയിലേറെയും ഇന്ത്യക്കാർ, വലിയ ആശങ്ക
ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം