ഒറ്റ ഓർഡറിന് 44 രൂപ വരെ കൂടും! ഓൺലൈൻ ഭക്ഷണം വാങ്ങുന്നത് ഇനി സാധാരണക്കാർക്ക് താങ്ങില്ല?

Published : May 20, 2026, 03:34 PM IST
Swiggy

Synopsis

ഇറാൻ യുദ്ധത്തെ തുടർന്നുള്ള അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളുടെ നിരക്കുകൾ ഉടൻ ഉയർന്നേക്കാം. ഈ വിലവർധന ഓരോ ഓർഡറിലും ചെറിയ അധിക ബാധ്യത വരുത്തിവെക്കുമെന്നും, ഇത് ഡെലിവറി തൊഴിലാളികളെയും കമ്പനികളെയും ഒരുപോലെ സമ്മർദ്ദത്തിലാക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഇനി ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചെലവ് കൂടും. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വര്‍ധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന. സൊമാറ്റോയുടെ മാതൃ കമ്പനിയായ ഇറ്റേണല്‍, സ്വിഗ്ഗി എന്നിവയുള്‍പ്പെടെയുള്ള ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് വരും ദിവസങ്ങളില്‍ ചെലവ് കൂടുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഓര്‍ഡറിന് എത്ര രൂപ കൂടും?

അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന കാരണം അടുത്തിടെ ഇന്ധനവിലയില്‍ ലിറ്ററിന് 4 രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം 4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയത്. ഈ 4 ശതമാനം ഇന്ധനവില വര്‍ധനവ് ഓരോ ഓര്‍ഡറിലും ഏകദേശം 44 പൈസയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഇലാര കാപ്പിറ്റല്‍ വിലയിരുത്തുന്നത്.നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഡെലിവറി തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടാലും, കമ്പനികളുടെ വരുമാനത്തെ ഇത് തല്‍ക്കാലം വലിയ രീതിയില്‍ ബാധിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിലവിലെ ഡെലിവറി ചെലവ് :

റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനികള്‍ക്ക് നിലവില്‍ ഒരു ഓര്‍ഡറിന് വരുന്ന ശരാശരി ഡെലിവറി ചെലവ് എങ്ങനെയാണെന്ന് നോക്കാം. ക്വിക്ക് കൊമേഴ്സ് ഓര്‍ഡറുകള്‍ക്ക് ശരാശരി 35 മുതല്‍ 50 രൂപ വരെയാണ് ചാർജ് വരുന്നത്. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്ക് ശരാശരി 55 മുതല്‍ 60 രൂപ വരെ ആകും. ഇറ്റേണലിൽ മൊത്തത്തിലുള്ള ശരാശരി കണക്കാക്കിയാല്‍ ഒരു ഓര്‍ഡറിന് 45 രൂപയോളം വരും. സ്വിഗ്ഗിയിൽ മൊത്തത്തിലുള്ള ശരാശരി കണക്കാക്കിയാല്‍ ഒരു ഓര്‍ഡറിന് 55 രൂപയാണ് അധിക ചെലവ് വരുന്നത്. ഒരു ഡെലിവറിക്ക് വരുന്ന ആകെ ചെലവിന്റെ 20 ശതമാനത്തോളം വരുന്നത് ഇന്ധനച്ചെലവാണ്. അതായത്, നിലവില്‍ ഒരു ഓര്‍ഡറിന് ഏകദേശം 9 മുതല്‍ 10 രൂപ വരെ ഇന്ധനത്തിനായി മാത്രം ചെലവാകുന്നുണ്ട്. ഇതാണ് ഇന്ധനവില കൂടുന്നത് കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

പ്രതിഷേധവുമായി ഡെലിവറി തൊഴിലാളികള്‍

ഇന്ധനവില വര്‍ധനവ് ഡെലിവറി നടത്തുന്ന തൊഴിലാളികളുടെ വരുമാനത്തെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ധനവില കൂടിയതോടെ കിലോമീറ്ററിന് ലഭിക്കുന്ന സര്‍വീസ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം സര്‍വീസ് വര്‍ക്കേഴ്സ് യൂണിയന്‍' കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 5 മണിക്കൂര്‍ ആപ്പ് അധിഷ്ഠിത സേവനങ്ങള്‍ നിര്‍ത്തിവെച്ച് അവര്‍ പ്രതിഷേധവും പ്രഖ്യാപിച്ചിരുന്നു.

ദിനംപ്രതിയുള്ള വരുമാനത്തിനായി ബൈക്കുകളെയും സ്‌കൂട്ടറുകളെയും ആശ്രയിക്കുന്ന രാജ്യത്തെ ഏകദേശം 1.2 കോടിയോളം വരുന്ന ഗിഗ് തൊഴിലാളികളെ ഇന്ധനവില വര്‍ധനവ് സാരമായി ബാധിക്കുമെന്ന് യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ധനച്ചെലവിനും വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും ആനുപാതികമായി വരുമാനം വര്‍ധിച്ചില്ലെങ്കില്‍ പല തൊഴിലാളികളും ഈ മേഖല ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കൊലപാതകം നടന്ന സ്ഥലത്ത് സെല്‍ഫിയെടുക്കാന്‍ തിരക്ക്; എന്താണ് 3.16 ലക്ഷം കോടിയുടെ 'ഡാര്‍ക്ക് ടൂറിസം'?
സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് ക്ലെയിം തള്ളുന്നത് ശരിയാണോ? നിർണായക ഉത്തരവുമായി ഉപഭോക്തൃ കമ്മീഷൻ