ആർ‌ബി‌ഐ പലിശ കുറയ്ക്കുമോ? യുഎസ് തീരുവ എങ്ങനെ ബാധിക്കും; എംപിസി യോ​ഗം ആരംഭിച്ചു,

Published : Aug 04, 2025, 01:05 PM IST
rbi

Synopsis

റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറക്കുമോ അതോ തല്‍സ്ഥിതി തുടരുമോ?

ര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയിലുള്ള പണനയ സമിതിയുടെ നിര്‍ണായക യോഗം തുടങ്ങി. മൂന്ന് ദിവസത്തെ യോഗത്തിന് ശേഷം പുതിയ വായ്പാ നയം മറ്റന്നാള്‍ പ്രഖ്യാപിക്കും. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ചുമത്തിയതിന് പിന്നാലെയാണ് എംപിസിയുടെ നിര്‍ണായക യോഗം നടക്കുന്നത്. കഴിഞ്ഞ മൂന്ന് യോഗങ്ങളിലും പലിശ നിരക്ക് കുറച്ചിരുന്നു. നിലവില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമായതിനാല്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് വീണ്ടും നിരക്ക് കുറക്കുമോ അതോ തല്‍സ്ഥിതി തുടരുമോ എന്ന് ഉറ്റുനോക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍. ആഗോള വ്യാപാര രംഗം സമ്മര്‍ദ്ദത്തിലായതിനാലും യുഎസ് തീരുവകള്‍ പ്രഖ്യാപിച്ചതിനാലും ആര്‍ബിഐക്ക് അതിന്റെ നിലപാടുകള്‍ ശ്രദ്ധയോടെ എടുക്കേണ്ടിവരും.

പലിശ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

റിസര്‍വ് ബാങ്ക് 25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ഉത്സവ സീസണിന് മുന്നോടിയായി ഈ നീക്കം വായ്പാ ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷങ്ങളിലും ദീപാവലിക്ക് മുമ്പുള്ള പലിശനിരക്ക് കുറക്കലുകള്‍ വായ്പാ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരക്ക് കുറയ്ക്കാന്‍ 35% സാധ്യതയുണ്ടെന്നാണ് ജപ്പാന്‍ ആസ്ഥാനമായുള്ള നോമുറ ബ്രോക്കറേജ് വ്യക്തമാക്കിയത്.

കുറഞ്ഞ പണപ്പെരുപ്പം അനുകൂലം

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ചില്ലറ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. ജൂണില്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) 2.1% ആയിരുന്നു. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ജൂലൈയിലെ സിപിഐ പണപ്പെരുപ്പം 1.5% ആയി ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് ബാര്‍ക്ലേസ് പറയുന്നു. ഇത് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ശരാശരി പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിക്കും.

ഭവനവായ്പകളെ എങ്ങനെ ബാധിക്കും?

25 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുന്നത് ഭവന വിപണിയിലെ അനുകൂല അന്തരീക്ഷം വര്‍ദ്ധിപ്പിക്കുമെന്ന് സിഗ്‌നേച്ചര്‍ ഗ്ലോബല്‍ സ്ഥാപകന്‍ പ്രദീപ് അഗര്‍വാള്‍ പറഞ്ഞു. പണപ്പെരുപ്പം കുറവായതിനാല്‍ പലിശനിരക്ക് വീണ്ടും കുറയ്ക്കാന്‍ ആര്‍ബിഐക്ക് അവസരമുണ്ട്. പല ബാങ്കുകളും 8 ശതമാനത്തില്‍ താഴെ നിരക്കില്‍ ഭവന വായ്പകള്‍ നല്‍കുമ്പോള്‍ പലിശ വീണ്ടും കുറയ്ക്കുന്നത് കൂടുതല്‍ പേരെ ഭവന വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി